ന്യൂഡല്‍ഹി : ലോക്സഭ തെരഞ്ഞെടുപ്പ് ആസന്നമായ പശ്ചാത്തലത്തില്‍ ബിജെപിക്കായി സംഭാവന തേടി പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ടായിരം രൂപയുടെ രസീത് എക്സില്‍ പങ്കുവെച്ചു കൊണ്ടാണ് മോദിയുടെ അഭ്യര്‍ഥന.
‘ബിജെപിക്ക് സംഭാവന ചെയ്യുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. വികസിത ഭാരതം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങള്‍ക്ക് കരുത്തുപകരുന്നതാണിത്. രാജ്യം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങള്‍ക്ക് കരുത്തുപകരാന്‍ നമോആപ്പ് വഴി സംഭാവന നല്കാന് എല്ലാവരോടും അഭ്യര്‍ഥിക്കുന്നു’- മോദി ട്വിറ്ററില്‍ കുറിച്ചു. 2000 രൂപ സംഭാവന നല്‍കിയതിന്റെ രസീതിന്റെ ചിത്രം സഹിതമാണ് ട്വീറ്റ്.
മാര്‍ച്ച് പകുതിയോടെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാവുമെന്നാണ് കരുതുന്നത്. ഏപ്രില്‍-മെയ് മാസങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. മെയ് മാസത്തില്‍ വോട്ടെണ്ണല്‍ ഉണ്ടായേക്കും. മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നത് ആരംഭിച്ച് പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നുകഴിഞ്ഞു.