ന്യൂഡല്‍ഹി: പാര്‍ലമെന്റ് പുക ആക്രമണത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗൗരവപ്പെട്ട വിഷയമാണിതെന്ന് പറഞ്ഞ മോദി, ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ രാഷ്ട്രീയവത്കരിക്കുന്നതില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ വിട്ടുനില്‍ക്കണമെന്ന് അഭ്യര്‍ഥിച്ചു.
സംഭവത്തില്‍ ആഴത്തിലുള്ള അന്വേഷണം ആവശ്യമാണ്. ഇത് രാഷ്ട്രീയ സംവാദങ്ങള്‍ക്കുള്ള സമയമല്ല. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ വിഷയത്തെ രാഷ്ട്രീയവത്കരിക്കുന്നതില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ വിട്ടുനില്‍ക്കണം. സ്പീക്കര്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായും മോദി പ്രതികരിച്ചു.
കഴിഞ്ഞദിവസം പാര്‍ലമെന്റില്‍ അതിക്രമിച്ചു കയറി പ്രതിഷേധിച്ച അഞ്ചംഗ സംഘം ദേഹത്ത് സ്വയം തീകൊളുത്തുന്നത് ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ തേടിയിരുന്നതായാണ് കേസ് അന്വേഷിക്കുന്ന ഡല്‍ഹി പൊലീസ് പറയുന്നത്. സഭയ്ക്കുള്ളില്‍ ലഘുലേഖകള്‍ വിതരണം ചെയ്യാനും ഇവര്‍ക്കു പദ്ധതിയുണ്ടായിരുന്നുവെന്നും പൊലീസിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
പൊള്ളലേല്‍ക്കുന്നതു തടയുന്ന ജെല്‍ പുരട്ടി ദേഹത്തു സ്വയം തീകൊളുത്താന്‍ ഇവര്‍ ആലോചിച്ചിരുന്നു. ഇത്തരമൊരു പ്രതിഷേധം കൂടുതല്‍ ഫലപ്രദമാവുമെന്നായിരുന്നു ഇവരുടെ നിഗമനം. ഗാലറിയില്‍നിന്നു സഭയിലേക്കു ചാടി ലഘുലേഖകള്‍ വിതരണം ചെയ്യാനും ഇവര്‍ ആലോചിച്ചു. എന്നാല്‍ ഇതു പിന്നീട് വേണ്ടെന്നുവച്ച് പ്ലാന്‍ ബി നടപ്പാക്കുകയായിരുന്നു.
സാഗര്‍ ശര്‍മ, ഡി മനോരഞ്ജന്‍ എന്നിവരാണ് പാര്‍ലമെന്റ് മന്ദിരത്തിന് ഉള്ളില്‍ കടന്ന് പ്രതിഷേധം നടത്തിയത്. ശൂന്യവേളയില്‍ ഗാലറിയില്‍നിന്നു സഭാ തളത്തിലേക്കു ചാടിയ ഇവര്‍ മഞ്ഞപ്പുകക്കുറ്റികള്‍ പ്രവര്‍ത്തിപ്പിക്കുകയായിരുന്നു. ഇതേസമയം സമയം തന്നെ അമോല്‍ ഷിന്‍ഡെ, നീലം ദേവി എന്നിവര്‍ പാര്‍ലമെന്റിനു പുറത്തും പ്രതിഷേധം നടത്തി.അഞ്ചാമന് ലളിത് ഝാ ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു.
പ്രതിഷേധം നടത്തിയ നാലു പേരെ ഉടന്‍ തന്നെയും ലളിത് ഝായെ പിന്നീടും പൊലീസ് പിടികൂടുകയായിരുന്നു. ഡല്‍ഹി പൊലീസിന്റെ പ്രത്യേക സംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്. പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്.