കെയ്റോ: പ്രധാനമന്ത്രി നരേന്ദ്ര മോദി ദ്വിദിന സന്ദർശനത്തിനായി ഈജിപ്തിലെത്തി. അമേരിക്കൻ സന്ദർശനം പൂർത്തിയാക്കിയാണ് മോദി ഈജിപ്തിലെത്തിയത്. കെയ്റോയിലെത്തിയ നരേന്ദ്ര മോദിയെ ഈജിപ്ത് പ്രധാനമന്ത്രി മൊസ്തഫ മദ്ബൗലി സ്വീകരിച്ചു.
ഈജിപ്ത് പ്രസിഡന്റിന്റെ ക്ഷണം സ്വീകരിച്ചാണ് മോദിയുടെ സന്ദർശനം. കഴിഞ്ഞ റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയപ്പോഴാണ് ഈജിപ്ത് പ്രസിഡന്റ് ഇന്ത്യൻ പ്രധാനമന്ത്രിയെ കെയ്റോയിലേക്ക് ക്ഷണിച്ചത്. ഒന്നാം ലോകമഹായുദ്ധത്തിൽ വീരമൃത്യു വരിച്ച നാലായിരം ഇന്ത്യൻ സൈനികരുടെ സ്മാരകത്തിൽ മോദി ആദരം അർപ്പിക്കും. ഇതാദ്യമാണ് മോദി ഈജിപ്ത് സന്ദർശിക്കുന്നത്. 26 വർഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഈജിപ്തിൽ സന്ദർശനം നടത്തുന്നതെന്നതും ശ്രദ്ധേയമാണ്. ഈജിപ്ത് പ്രസിഡന്റ് ഫത്താ അൽ സിസിയുമായി മോദി ഞായറാഴ്ച കൂടിക്കാഴ്ച നടത്തും.