ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വാട്സ് ആപ്പിന്റെ പുതിയ ഫീച്ചറായ വാട്സ് ആപ്പ് ചാനലില്‍ ഒരാഴ്ചയ്ക്കിടെ 50 ലക്ഷം ഫോളോവേഴ്സ്. സെപ്റ്റംബര്‍ 20നാണ് മോദി വാട്സ് ആപ്പ് ചാനല്‍ ആരംഭിച്ചത്. ഓരോ ദിവസവും പത്ത് ലക്ഷം വീതം പേര് പിന്തുടര്ന്നതോടെയാണ് ചുരുങ്ങിയ ദിവസത്തിനുള്ളില്‍ മോദിക്ക് 50 ലക്ഷം ഫോളോവേഴ്സ് എന്ന നേട്ടം കൈവരിക്കാനായത്.
മോദി വാട്സ് ആപ്പ് ചാനല്‍ തുടങ്ങി ആദ്യപോസ്റ്റ് പങ്കുവച്ചതിന് പിന്നാലെ നിമിഷങ്ങള്‍ക്കുള്ളില്‍ നൂറ് കണക്കിന് പ്രതികരണങ്ങളാണ് ലഭിച്ചത്. അന്‍പത് ലക്ഷം പേര് വാട്സ് ആപ്പ് ചാനലില്‍ പിന്തുടരുന്നതായി മോദി തന്നെയാണ് സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചത്. ‘ഞങ്ങള്‍ 50ലക്ഷത്തിലധികം വരുന്ന ഒരു സമൂഹമായി മാറിയിരിക്കുന്നു. വാട്സ് ആപ്പ് ചാനലിലുടെ ഞാനുമായി ബന്ധപ്പെടുന്ന എല്ലാവരോട് നന്ദിയുണ്ട്. ഓരോരുത്തരുടെയും തുടര്‍ച്ചയായ ഇടപെടലിനും പിന്തുണയ്ക്കും നന്ദി’- മോദി എക്സ് പ്ലാറ്റ് ഫോമില്‍ കുറിച്ചു.
മറ്റ് സാമൂഹിക മാധ്യമങ്ങളിലും മോദിക്ക് റെക്കോര്‍ഡ് ഫോളോവേഴ്സ് ആണ് ഉള്ളത്. എക്സ് പ്ലാറ്റ് ഫോമില്‍ 91 ലക്ഷം പേരാണ് മോദിയെ പിന്തുടരുന്നത്. ഫെയ്സ്ബുക്കില്‍ 48 ലക്ഷമാണെങ്കില്‍ ഇന്‍സ്റ്റഗ്രാമില്‍ 78 ലക്ഷത്തിലധികമാണ്.
വാട്സ് ആപ്പ് ചാനലില്‍ ആദ്യമായി പുതിയ പാര്‍ലമെന്റില്‍ ഇരിക്കുന്ന ചിത്രമാണ് മോദി പങ്കു വച്ചിരിക്കുന്നത്. ടെലിഗ്രാം ചാറ്റ് ബോട്ടുകള്‍ക്ക് സമാനമായ ഫീച്ചറാണ് ചാനലിലൂടെ വാട്സ് ആപ്പ് മുന്നോട്ടു വച്ചിരിക്കുന്നത്. അഡ്മിനു മാത്രമേ ഇതിലൂടെ സന്ദേശങ്ങള്‍ നല്കാന് സാധിക്കൂ. ഇന്ത്യയടക്കം 150 രാജ്യങ്ങളിലാണ് ഈ അപ്ഡേഷന് ലഭ്യമായിട്ടുള്ളത്.