കൊച്ചി: കൊച്ചിയില്‍ പ്രവര്‍ത്തകരെ ആവേശംകൊള്ളിച്ച് പ്രധാനമന്ത്രിയുടെ റോഡ് ഷോ. റോഡിന്റെ ഇരുവശവും നിറഞ്ഞുനിന്ന ബിജെപി പ്രവര്‍ത്തകര്‍ പുഷ്പവൃഷ്ടി നല്കി പ്രധാനമന്ത്രിയെ സ്വീകരിച്ചു.എറണാകുളം കെപിസിസി ജങ്ഷനില്‍ നിന്നാണ് റോഡ് ഷോ ആരംഭിച്ചത്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും പ്രധാനമന്ത്രിക്കൊപ്പം വാഹനത്തിലുണ്ടായിരുന്നു. മഹാരാജാസ് കോളജ് ഗ്രൗണ്ട് മുതല്‍ ഗവ. ഗസ്റ്റ് ഹൗസ് വരെ 1.3 കിലോമീറ്ററായിരുന്നു റോഡ് ഷോ. വൈകിട്ട് 7.40ഓടെയാണ് റോഡ് ഷോ ആരംഭിച്ചത്. പ്രധാനമന്ത്രിയെ കാണാന്‍ വന്‍ ജനാവലിയാണ് എത്തിയത്. പൂക്കളാല്‍ അലങ്കരിച്ച തുറന്ന വാഹനത്തിലായിരുന്നു റോഡ് ഷോ.പൂക്കള്‍ വിതറിയും കൈകള്‍ വീശിയും മുദ്രവാക്യം വിളിച്ചുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആയിരകണക്കിന് ബിജെപി പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. രാത്രി 8.10ഓടെ റോഡ് ഷോ ഗസ്റ്റ് ഹൗസിന് മുന്നില്‍ സമാപിച്ചു.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, മുഖ്യമന്ത്രി പിണറായി വിജയന് എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. നെടുമ്പാശ്ശേരിയിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ചൊവ്വാഴ്ച വൈകിട്ട് 6 50 നാണ് പ്രധാനമന്ത്രി എത്തിയത്. തുടര്‍ന്ന് ഹെലികോപ്ടറില്‍ ഏഴ് മണിയോടെ നേവല്‍ ബേസ് എയര്‍പോര്‍ട്ടിലേക്കും അവിടെ നിന്ന് മഹാരാജാസ് കോളജ് ഗ്രൗണ്ടിലേക്കും എത്തി.
നേരത്തെ 6.30 റോഡ് ഷോ ആരംഭിക്കുമന്നാണ് അറിയിച്ചിരുന്നതെങ്കിലും 7.30 ഓടെയെ യാത്ര ആരംഭിക്കുകയുള്ളുവെന്ന് അറിയിപ്പ് വന്നു. നാളെ ജനുവരി 17നു രാവിലെ ഗസ്റ്റ് ഹൗസില്‍നിന്നു ഹെലികോപ്റ്ററില്‍ ഗുരുവായൂരിലേക്കു പോകുന്ന പ്രധാനമന്ത്രി രാവില 7.40നു ഗുരുവായൂര്‍ ക്ഷേത്രത്തിലും 10.15നു തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലും ദര്‍ശനം നടത്തിയ ശേഷം ഉച്ചയ്ക്കു 12നു കൊച്ചി വെല്ലിങ്ടണ്‍ ഐലന്‍ഡില്‍ എത്തുകയും കൊച്ചിന് ഷിപ്യാര്ഡില് വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്യും. തുടര്‍ന്ന് 1.30നു മറൈന്‍ ഡ്രൈവ് ഗ്രൗണ്ടില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കും. തുടര്‍ന്ന് 2.35ന് പ്രധാനമന്ത്രി ഐഎന്‍എസ് ഗരുഡയിലേക്കു പുറപ്പെടുകയും അവിടെനിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുകയും ഡല്‍ഹിയിലേക്കു മടങ്ങുകയും ചെയ്യും.