ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസിൽ എത്തി. വാഷിംഗ്ടണിലെ ആൻഡ്രൂസ് വ്യോമതാവളത്തിൽ ഇന്ത്യൻ-അമേരിക്കൻ വംശജരുടെ സംഘവും മോദിയെ സ്വീകരിക്കാൻ കാത്തുനിന്നിരുന്നു. ഇന്ന് ന്യൂയോർക്കിലുള്ള ഐക്യരാഷ്ട്ര സംഘടന ആസ്ഥാനത്തു നടക്കുന്ന രാജ്യാന്തര യോഗാദിന ചടങ്ങുകൾക്കു പ്രധാനമന്ത്രി നേതൃത്വം നൽകും.
ഉച്ചകഴിഞ്ഞ് വൈറ്റ്ഹൗസിൽ പ്രസിഡന്റ് ജോ ബൈഡനുമായി സൗഹൃദസംഭാഷണം നടത്തുന്ന മോദി വ്യാഴാഴ്ചയാണു ഔദ്യോഗിക ചടങ്ങുകൾക്കായി മാറ്റിവച്ചിരിക്കുന്നത്. വൈറ്റ് ഹൗസിൽ ഔപചാരിക സ്വീകരണം ഏറ്റുവാങ്ങിയതിന് ശേഷം ബൈഡനുമായുള്ള കൂടിക്കാഴ്ച നടത്തും.ഇരുരാജ്യങ്ങളുടെയും പ്രതിനിധി സംഘങ്ങൾ ചർച്ചകൾ നടത്തവേ പ്രധാനമന്ത്രി യുഎസ് പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ പ്രസംഗിക്കും.
വൈകുന്നേരം വൈറ്റ്ഹൗസിൽ ഔദ്യോഗിക വിരുന്നിലും പങ്കെടുക്കും. വെള്ളിയാഴ്ച ബിസിനസ്, അക്കാദമിക് രംഗത്തെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് വൈസ് പ്രസിഡന്റ് കമല ഹാരിസും സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമൊപ്പം ഉച്ചഭക്ഷണം. ശേഷം യുഎസിലെ ഇന്ത്യൻ സമൂഹം സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ ഭാഗമാകും.
യുഎസ് യാത്ര കഴിഞ്ഞു മടങ്ങുമ്പോഴാണ് മോദിയുടെ ഈജിപ്ത് സന്ദർശനം. ശനിയാഴ്ച ഉച്ചതിരിഞ്ഞു കെയ്റോയിൽ പ്രസിഡന്റ് അബ്ദൽ ഫത്താ അൽ സിസിയുമായി പ്രധാനമന്ത്രി കൂടികാഴ്ച നടത്തും. തുടർന്ന് ഈജിപ്തിലെ ഇന്ത്യൻ സമൂഹത്തിന്റെ സ്വീകരണം ഏറ്റുവാങ്ങും. ഞായറാഴ്ച രാവിലെ പ്രസിദ്ധമായ അൽ ഹക്കിം മസ്ജിദ് സന്ദർശിക്കും. ഒന്നാം ലോകയുദ്ധത്തിൽ മരിച്ച ഇന്ത്യൻ സൈനികരുടെ ഹീലിയോപൊലിസ് സ്മാരകത്തിൽ ശ്രദ്ധാഞ്ജലിയും അർപ്പിക്കും.