അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസത്തെ സന്ദർശനത്തിനായി യുഎഇയിലെത്തി. യുഎഇ തലസ്ഥാനമായ അബുദാബിയിൽ രാജ്യത്തെ ആദ്യ ഹിന്ദു ക്ഷേത്രം വിശ്വാസികൾക്ക് തുറന്നു കൊടുക്കുന്നതിനാണ് അദ്ദേഹമെത്തിയത്. കൂടാതെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സയീദ് അൽ നഹ്യാനുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുകയും ചെയ്യും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തുമുമായും കൂടിക്കാഴ്ച നടത്തും.
മോദിയുടെ ഏഴാമത്തെ യുഎഇ സന്ദർശനമാണിത്. അബുദാബിയിലെ ഇന്ത്യൻ സമൂഹവുമായി സംവദിക്കാനായി ‘അഹ്ലൻ മോദി’ എന്ന പേരിൽ നടത്തുന്ന പരിപാടിയിലും അദ്ദേഹം പങ്കെടുക്കും. അബുദാബി സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലാണ് മോദി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുന്നത്. രാജ്യങ്ങൾ തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനും വികസിപ്പിക്കാനും ശക്തിപ്പെടുത്താനുമുള്ള മാർഗങ്ങൾ യുഎഇ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യും. ഇരുരാജ്യങ്ങൾക്കും താല്പര്യമുള്ള പ്രാദേശിക, രാജ്യാന്തര വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ കൈമാറും.
ദുബായിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ലോക സർക്കാർ ഉച്ചകോടിയിലും പ്രധാനമന്ത്രി മോദി പങ്കെടുക്കും. ‘ഭാവി സർക്കാരുകളെ രൂപപ്പെടുത്തുക’ എന്ന പ്രമേയത്തിൽ നടക്കുന്ന പരിപാടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ 25-ലേറെ സർക്കാർ തലവന്മാരാണ് പങ്കെടുക്കുന്നത്. 14ന് അബുദാബിയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രം ബാപ്സ് ഹിന്ദു മന്ദിർ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പര്യടനം അവസാനിപ്പിക്കും.