ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് പോകുന്നതോടെ രാജ്യത്തിന് ഇത് പുതിയ തുടക്കമായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്നാണ് ലോകം വിശ്വസിക്കുന്നത്. ഇന്ത്യയുടെ അഭിലാഷങ്ങള്‍ ഉള്‍ക്കൊണ്ടാകണം പരിഷ്കാരങ്ങള്‍ നടപ്പാക്കേണ്ടതെന്നും മോദി പറഞ്ഞു. പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ ചരിത്രപ്രസിദ്ധമായ സെന്‍ട്രല്‍ ഹാളില്‍ എംപിമാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം
പഴയ പാര്‍ലമെന്റ് മന്ദിരം ഇനി മുതല്‍ സംവിധാന്‍ സദന് ( ഭരണഘടനാ മന്ദിരം) എന്നറിയപ്പെടുമെന്നും മോദി പറഞ്ഞു.ഭരണഘടന രൂപമെടുത്തത് ഇവിടെയാണ്. ദേശീയഗാനത്തിനും ദേശീയപതാകയ്ക്കും അംഗീകാരം നല്‍കിയത് ഇവിടെവച്ചാണ്. 2047ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കാനുള്ള പ്രതിജ്ഞാബദ്ധത വീണ്ടും ഉറപ്പിക്കണമെന്ന് മോദി പാര്‍ലമെന്റ് അംഗങ്ങളോട് അഭ്യര്‍ത്ഥിച്ചു. പുതിയ പാര്‍ലമെന്റ് കെട്ടിടത്തിലേക്കുള്ള മാറ്റം പുതിയ ഭാവിയിലേക്കുള്ള തുടക്കമാണെന്നും മോദി പറഞ്ഞു. ‘1952 മുതല്‍, ലോകമെമ്പാടുമുള്ള 41 രാഷ്ട്രത്തലവന്മാര് സെന്‍ട്രല്‍ ഹാളില്‍ എംപിമാരെ അഭിസംബോധന ചെയ്തിട്ടുണ്ട്, കഴിഞ്ഞ ഏഴ് പതിറ്റാണ്ടിനിടെ 4,000-ത്തിലധികം നിയമങ്ങള്‍ പാര്‍ലമെന്റ് പാസാക്കിയിട്ടുണ്ട്,’ പ്രധാനമന്ത്രി പറഞ്ഞു. വിപ്ലവകരമായ പല തീരുമാനങ്ങള്‍ക്കും ഈ മന്ദിരം സാക്ഷിയായി. മുത്തലാഖ് നിരോധനവും ഇവിടെവച്ചാണ് നടന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു. ജമ്മു കശ്മീരിന്റെ പ്രത്യക പദവി റദ്ദാക്കിയത് ചരിത്രപരമായ തീരുമാനമായിരുന്നു. ജമ്മുകശ്മീര്‍ സമാധാനത്തിന്റെ പാതയിലാണെന്നും മോദി പറഞ്ഞു. പുതിയ പാര്‍ലമെന്റ് കെട്ടിടത്തിലേക്കുള്ള മാറ്റം പുതിയ ഭാവിയിലേക്കുള്ള പുതിയ തുടക്കമാണ്. നിങ്ങള്‍ക്ക് ചെറിയ ക്യാന്‍വാസില്‍ വലിയ ചിത്രം വരയ്ക്കാൻ കഴിയുമോ എന്ന് മോദി ചോദിച്ചു. ഇന്ത്യയ്ക്ക് മഹത്തായ ഒരു കാഴ്ചപ്പാട് ആവശ്യമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.