കൊച്ചി : രാജ്യത്തിന്റെ തുറമുഖ മേഖലയെ വലിയശക്തിയാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . രാജ്യത്ത് സമുദ്രമേഖലയുടെ വികസനത്തിനാണ് ശ്രമിക്കുന്നത്. ഇന്ന് ഉദ്ഘാടനം ചെയ്ത പദ്ധതികൾ ദക്ഷിണേന്ത്യയുടെ വികസനത്തിൽ നാഴികക്കല്ലാകും. കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും-കൊച്ചി ഷിപ്യാർഡിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യൻ തുറമുഖങ്ങൾ വലിയ വളർച്ചയാണ് നേടിയത്. ഗ്ലോബൽ ട്രേഡിലും ഭാരതത്തിന് വലിയ സ്ഥാനമാണുള്ളത്.പുതിയ പദ്ധതികൾ യാഥാര്‍ത്ഥ്യമായതോടെ ചരക്കുകപ്പലുകള്‍ക്ക് കാത്തുകെട്ടിക്കിടക്കേണ്ട സാഹചര്യം ഒഴിവായി. കപ്പല്‍ അറ്റകുറ്റപ്പണിക്ക് വിദേശരാജ്യങ്ങളെ ആശ്രയിക്കുന്ന സാഹചര്യം ഒഴിവാകും. ഇതുവഴി കോടികള്‍ വിദേശത്തേക്ക് ഒഴുകുന്നത് നില്ക്കും. പദ്ധതികൾ ഇന്ത്യ-ഗള്‍ഫ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി വികസനത്തിന് കുതിപ്പേകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.രാജ്യത്തെ ഷിപ്പിംഗ് മാരിടൈം രംഗത്തെ ഒരു വലിയ പദ്ധതിയാണ് ഇപ്പോൾ ഉദ്ഘാടനം നടത്തുന്നതെന്നും കൂടുതൽ പദ്ധതികൾ വരുന്നതോടെ രാജ്യാന്തര തലത്തിൽ പ്രധാനപ്പെട്ട ഒരു മാരിടൈം ഹബ്ബായി കൊച്ചി മാറുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
കേന്ദ്ര പരിഷ്കരണ നടപടികള്‍ കാരണം തുറമുഖ മേഖലയില്‍ നിക്ഷേപം വര്‍ധിച്ചു. തൊഴില്‍ അവസരം ഉയര്‍ന്നു. രാജ്യത്തെ ഏറ്റവും വലിയ ഡ്രൈ ഡോക്ക് ആണ് കൊച്ചിയിലേത്. പുതിയ പദ്ധതിയോടെ കൊച്ചി കപ്പല്‍ശാലയുടെ ശേഷി പലമടങ്ങായി വര്‍ധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലാ കേരളീയര്‍ക്കും എന്റെ നല്ല നമസ്കാരം എന്നു മലയാളത്തില്‍ പറഞ്ഞുകൊണ്ടാണ് നരേന്ദ്രമോദി പ്രസംഗം തുടങ്ങിയത്. ഇന്ന് ഭാഗ്യദിനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ ഭാഗ്യം ലഭിച്ചു. തൃപ്രയാറിലെ രാമക്ഷേത്രത്തിലും ദര്‍ശനം നടത്താന്‍ സൗഭാഗ്യമുണ്ടായി. കേരളത്തിന്റെ വികസനോത്സവത്തില്‍ പങ്കെടുക്കാനും അവസരം കിട്ടിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.
4000 കോടി രൂപയുടെ പദ്ധതി ഉദ്ഘാടനം ചെയ്യാൻ എത്തിയ മോദിക്ക് നന്ദി മുഖ്യമന്ത്രി പിണറായി വിജയൻ നന്ദിയറിയിച്ചു. രാജ്യത്തിന്റെ പൊതുവായ വികസനത്തിന്റെ ഭാഗമായി കേരളവും മാറുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതികളിലൂടെ 4000 പേർക്ക് തൊഴിൽ ലഭിക്കുന്നു. രാജ്യത്തിന്റെ പൊതു വികസനത്തിൽ കേരളം നൽകുന്ന പിന്തുണയുടെ കൂടി ഉദാഹരണമാണിത്. ഐഎസ്ആർഒയുടെ പല പദ്ധതികളിലും കേരളത്തിലെ സ്ഥാപനങ്ങൾ പങ്കാളികളായി. ചന്ദ്രയാൻ, ആദിത്യ തുടങ്ങിയ പ്രധാന പദ്ധതികളിൽ കെൽട്രോൺ പോലുള്ള സ്ഥാപനങ്ങളുടെ ശ്രദ്ധേയമായ സാന്നിധ്യമുണ്ട്. ഇന്ത്യയുടെ ശയസ് ഉയർത്തുന്നതിൽ കേരളത്തിലെ സ്ഥാപനങ്ങൾ പങ്കാളികളായി. കൊച്ചി വാട്ടർ മെട്രോയെ തേടി രാജ്യത്തിന്റെ പല സംസ്ഥാനങ്ങളുമെത്തുന്നുവെന്നതും ശ്രദ്ധേയമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.