ന്യൂഡൽഹി : മുദ്രാവാക്യം വിളിച്ച് ക്ഷീണിച്ച കോൺഗ്രസ് എംപിമാർക്ക് വെള്ളം വെച്ചുനീട്ടി പ്രധാനമന്ത്രി. പ്രധാനമന്ത്രിയുടെ രണ്ട് മണിക്കൂറിലധികം നീണ്ട മോദിയുടെ പ്രസംഗത്തിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് രണ്ടു കോൺഗ്രസ് എംപിമാർക്ക് മോദി കുടിവെള്ളം വെച്ച് നീട്ടിയത്. ലോക്സഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
മോദിയുടെ പ്രസംഗത്തിനിടെ പ്രതിപക്ഷ നേതാക്കൾ സഭയിൽ ബഹളം വച്ചു. ചില നേതാക്കൾ നടുത്തളത്തിൽ ഇറങ്ങി മുദ്രാവാക്യം വിളിക്കാനും തുടങ്ങി. ഇതിനിടെ മുദ്രാവാക്യം വിളിച്ച എംപിമാർക്കു നേരെ പ്രധാനമന്ത്രി മോദി ഒരു ഗ്ലാസ് വെള്ളം നീട്ടി. കോൺഗ്രസ് എംപി മാണിക്കം ടാഗോറിന് പ്രധാനമന്ത്രി ആദ്യം ഒരു ഗ്ലാസ് വെള്ളം നൽകിയെങ്കിലും അദ്ദേഹം അത് സ്വീകരിച്ചില്ല. തുടർന്ന് മറ്റൊരു എംപിയായ ഹൈബി ഈഡന് അദ്ദേഹം ഒരു ഗ്ലാസ് വെള്ളം വാഗ്ദാനം ചെയ്തു. പക്ഷേ ഹൈബി ഈഡൻ അത് വാങ്ങി കുടിച്ചു. യഥാർത്ഥത്തിൽ, പ്രധാനമന്ത്രി മോദിയുടെ പ്രസംഗത്തിനിടെ പ്രതിപക്ഷം ബഹളം സൃഷ്ടിക്കുകയായിരുന്നു. മോദി ഹെഡ്ഫോൺ ധരിച്ചിരുന്നു. ഇതിനിടയിൽ അദ്ദേഹം വെള്ളം കുടിക്കുകയും പ്രതിപക്ഷ എംപിമാരോട് വെള്ളം വേണോയെന്ന് ചോദിക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. എറണാകുളം മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എംപിയാണ് ഹൈബി ഈഡൻ.