ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എസ് സന്ദർശനത്തിന് നാളെ തുടക്കമാവും. ഇന്ന് ഇന്ത്യയിൽ നിന്ന് പുറപ്പെടും. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയക്ഷി ബന്ധം വിപുലീകരിക്കുകയാണ് സന്ദർശന ലക്ഷ്യം. നാസയുടെ 2025ലെ ആർട്ടെമിസ് ചന്ദ്രപര്യവേഷണത്തിൽ ഇന്ത്യയെ പങ്കാളിയാക്കാൻ അമേരിക്കയ്ക്ക് താല്പര്യമുണ്ട്. 25 രാഷ്ട്രങ്ങൾ ഇതിനകം പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.
പ്രതിരോധമേഖലയിലെ സാങ്കേതിക വിദ്യ കൈമാറ്റത്തിലാണ് ഇന്ത്യയ്ക്ക് താല്പര്യം. ആയുധ വില്പനയിലാണ് അമേരിക്ക താല്പര്യം കാട്ടുന്നത്. ഈ വിഷയങ്ങളിലടക്കം പ്രസിഡന്റ് ജോ ബൈഡനുമായി മോദി നടത്തുന്ന ഉഭയകക്ഷ ചർച്ച നിർണായകമാവും.നൂതന പ്രതിരോധ സാങ്കേതികവിദ്യ പങ്കിടൽ, ജി.ഇ-414 ടർബോഫാൻ ജെറ്റ് എഞ്ചിൻ സാങ്കേതിക വിദ്യ കൈമാറ്റം, എം.ക്യു-9ബി സായുധ ഡ്രോണുകൾ വാങ്ങൽ തുടങ്ങിയ ഇടപാടുകളിൽ പ്രഖ്യാപനമുണ്ടായേക്കും. വാണിജ്യ, വ്യവസായ സഹകരണം, നിക്ഷേപം, ടെലികോം മേഖലകളിലും കരാറുകൾ ഒപ്പിടും.
യു.എൻ. ആസ്ഥാനത്ത് യോഗദിനാചരണം
അന്താരാഷ്ട്ര യോഗദിനമായ നാളെ യു.എൻ യുഎൻ ആസ്ഥാനത്തെ വടക്കു ഭാഗത്തെ പുൽത്തകിടിയിൽ മഹാത്മാഗാന്ധിയുടെ പ്രതിമയിൽ ആദരമർപ്പിച്ചശേഷം പ്രമുഖർ പങ്കെടുക്കുന്ന യോഗാഭ്യാസത്തിന് മോദി നേതൃത്വം നൽകും. ജൂൺ 21 യോഗാദിനമായി യു.എൻ അംഗീകരിച്ചശേഷം മോദി നേരിട്ടെത്തി പങ്കെടുക്കുന്നുവെന്ന പ്രത്യേകതയുണ്ട്. ജൻ ഗണ മന, ഓം ജയ് ജഗദീശ ഹരേ എന്നീ ഗാനങ്ങളിലൂടെ പ്രശസ്തയായ ആഫ്രിക്കൻ-അമേരിക്കൻ നടിയും ഗായികയുമായ മേരി മിൽബെൻ നരേന്ദ്ര മോദിയുടെ സന്ദർശന വേളയിൽ ന്യൂയോർക്കിലും വാഷിംഗ്ടണിലും പരിപാടി അവതരിപ്പിക്കും.
ജൂൺ 20: ന്യൂയോർക്ക് ആൻഡ്രൂസ് വ്യോമതാവളത്തിൽ പ്രവാസി ഇന്ത്യക്കാരുടെ സ്വീകരണം
ജൂൺ 21: ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് അന്താരാഷ്ട്ര യോഗ ദിനാചരണം. തുടർന്ന് വാഷിംഗ്ടൺ ഡിസിയിലേക്ക്. നൈപുണ്യ ശേഷി പരിപാടിയിൽ ചർച്ച. യു.എസ് പ്രസിഡന്റ് ബൈഡനുമൊത്തുള്ള സ്വകാര്യ പരിപാടി.
22: ഇന്ത്യൻ പ്രവാസികൾ ഉൾപ്പെടെ ആയിരത്തിലധികം ആളുകളുടെ സാന്നിധ്യത്തിൽ വൈറ്റ് ഹൗസിൽ ആചാര വരവേൽപ്. പ്രസിഡന്റ് ബൈഡനുമായി ഉഭയകക്ഷി ചർച്ചയും സംയുക്ത പ്രഖ്യാപനവും, ഉച്ചകഴിഞ്ഞ് യു.എസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. യുഎസ് കോൺഗ്രസിനെ രണ്ടുവട്ടം അഭിസംബോധന ചെയ്യുന്ന ആദ്യ് ഇന്ത്യൻ പ്രധാനമന്ത്രിയാകും ഇതോടെ മോദി. പ്രസിഡന്റ് ബൈഡനും പത്നി ജില്ലും നൽകുന്ന അത്താഴ വിരുന്ന്.
23: അമേരിക്കയിലെ വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച. തുടർന്ന് വൈസ് പ്രസിഡന്റ് കമലാ ഹാരിസും സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിൽ നൽകുന്ന ഉച്ചഭക്ഷണ വിരുന്ന്, കെന്നഡി സെന്ററിൽ പ്രൊഫഷണലുകളും നേതാക്കളുമായി സംവാദം. വൈകുന്നേരം റൊണാൾഡ് റീഗൻ സെന്ററിലെ മെഗാ ഇവന്റിൽ ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്യും.
ഈജിപ്തിലേക്ക്
23ന് ഈജിപ്ത് തലസ്ഥാനമായ കെയ്റോയിലേക്ക്. മോദിയുടെ ആദ്യ ഈജിപ്ത് സന്ദർശനം. പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസിയുമായി കൂടിക്കാഴ്ച. വിവിധ കരാറുകളിൽ ഒപ്പിടൽ. പുരാതന അൽ ഹഖീം പള്ളി സന്ദർശനം, ഒന്നാം ലോകമഹായുദ്ധ സ്മാരക സന്ദർശനം, ഇന്ത്യൻ പ്രവാസികളുമായുള്ള സംവാദം.