ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍1 വിജയകരമായി വിക്ഷേപിച്ചതിന് പിന്നാലെ ശാസ്തജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ ശാസ്ത്രജ്ഞര്‍ക്കും എന്‍ജിനീയര്‍മാര്‍ക്കും അനുമോദനങ്ങള്‍ നേരുന്നതായി മോദി ട്വിറ്ററില്‍ കുറിച്ചു.ചന്ദ്രയാന്‍ 3 വിജയകരമായതിന് പിന്നാലെ ഇന്ത്യ വീണ്ടും ബഹിരാകാശ രഹസ്യങ്ങള്‍ തേടിയുള്ള യാത്ര തുടരുകയാണ്. മുഴുവന്‍ മാനവരാശിക്കും വേണ്ടി, പ്രപഞ്ചത്തെ കൂടുതല്‍ വ്യക്തമായി മനസിലാക്കാന്‍ വേണ്ട അക്ഷീണ പരിശ്രമങ്ങള്‍ രാജ്യം ഇനിയും തുടരുമെന്നും മോദി വ്യക്തമാക്കി.
ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍1ന്റെ വിക്ഷേപണം വിജയകരമെന്ന് ഇസ്രോ അറിയിച്ചു. രാവിലെ 11.50ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണതറയില്നിന്നാണ് ആദിത്യയുമായി പിഎസ്എല്‍വി എക്സ്എല്‍ സി57 റോക്കറ്റ് കുതിച്ചുയര്‍ന്നത്.കൃത്യം 64-ാം മിനിറ്റില്‍ ഭൂമിയില്‍നിന്ന് 648.7 കിലോമീറ്റര്‍ അകലെവച്ച് ആദിത്യ എല്‍1 വിക്ഷേപണ വാഹനത്തില്‍നിന്ന് വേര്‍പെട്ടു. ഇന്ത്യയുടെ അഭിമാന സൗരദൗത്യം ഇപ്പോള്‍ ഭൂമിക്ക് ചുറ്റുമുള്ള ദീര്‍ഘ വൃത്ത ഭ്രമണപഥത്തിലാണ്.
സൂര്യനും ഭൂമിക്കും ഇടയിലുള്ള എല്‍1 പോയിന്റാണ് ലക്ഷ്യസ്ഥാനം. 125ഓളം ദിവസം നീണ്ട് നില്ക്കുന്ന യാത്രയില്‍ നാല് തവണ ഭ്രമണപഥം ഉയര്‍ത്തിയാകും ലക്ഷ്യസ്ഥാനമായ ഒന്നാം ലെഗ്രാഞ്ചെ ബിന്ദുവില്‍(എല്‍1) എത്തുക. ഭൂമിയില്‍ നിന്നും ഏകദേശം ഒന്നര ദശലക്ഷം കിലോമീറ്റര്‍ അകലെയാണിത്.