കണ്ണൂർ/കൽപറ്റ: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തമേഖലയിലെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ. എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലാണ് ഇറങ്ങിയത്. ഉടൻ വയനാടിലെ ദുരന്തബാധിത പ്രദേശങ്ങളിലേക്ക് വ്യോമസേനാ ഹെലികോപ്ടറിൽ പുറപ്പെടും.
12.15ഓടെ ഹെലികോപ്ടർ വയനാട്ടിലെത്തുമെന്നാണു കരുതപ്പെടുന്നത്. ദുരന്തം നടന്ന മുണ്ടക്കൈയും ചൂരൽമലയും മോദി ഹെലികോപ്ടറിൽ ചുറ്റിക്കാണും. തുടർന്ന് കൽപറ്റയിലെ എസ്.കെ.ജെ.എം സ്കൂൾ ഗ്രൗണ്ടിൽ ഇറങ്ങും. ഇവിടെനിന്ന് റോഡ് മാർഗം മേപ്പാടിയിലേക്കു പോകും. ദുരിതാശ്വാസ ക്യാംപുകളും ആശുപത്രികളും സന്ദർശിക്കും. മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും. മൂന്ന് മണിക്കൂറോളം മോദി വയനാട്ട് തുടരുമെന്നാണു കരുതപ്പെടുന്നത്.