തൃശൂര്‍: ഇന്ന് വൈകീട്ട് ഡല്‍ഹിയില്‍ എത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടതായി തൃശൂര്‍ എംപി സുരേഷ് ഗോപി. വൈകീട്ട് ആറ് മണിക്ക് മുന്‍പായാണ് എത്താന്‍ പറഞ്ഞത്. എന്നാല്‍ തനിക്ക് ലഭ്യമായ വിമാനം അവിടെ 6.55നാണ് എത്തുകയെന്നും സുരേഷ് ഗോപി പറഞ്ഞു. മന്ത്രിസ്ഥാനം സംബന്ധിച്ച് തന്റെ നിലപാട് കേന്ദ്രനേതൃത്വത്തെ അറിയിക്കുമെന്നും അവര്‍ പറയുന്നത് അനുസരിക്കുമെന്നും സുരേഷ് ഗോപി തൃശൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. കൊച്ചിയില്‍ നിന്ന് മൂന്ന് മണിക്ക് സുരേഷ് ഗോപി ഡല്‍ഹിക്ക് തിരിക്കും. കേരളത്തില്‍ ആദ്യമായി ബിജെപിക്ക് അക്കൗണ്ട് തുറന്ന സുരേഷ് ഗോപിയെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയില്‍ ഇന്ന് ചേരുന്ന ബിജെപി നേതാക്കളുടെ യോഗത്തില്‍ ഇത് സംബന്ധിച്ച് അന്തിമതീരുമാനം ഉണ്ടാകും.