ന്യൂഡല്‍ഹി : പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയ്ക്ക് (PM Surya Ghar: Muft Bijli Yojana) തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു കോടി കുടുംബങ്ങള്‍ക്ക് പ്രതിമാസം 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി നല്‍കുന്നതാണ് പദ്ധതി. പദ്ധതിക്ക് 75000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
സുസ്ഥിര വികസനവും ജനങ്ങളുടെ ക്ഷേമവും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി വിഭാവനം ചെയ്തതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കുടുംബാംഗങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് സബ്സിഡി നേരിട്ട് നല്കുന്ന പദ്ധതിയാണിത്. കുറഞ്ഞ പലിശനിരക്കില്‍ ബാങ്ക് വായ്പയാണ് മറ്റൊരു ആകര്‍ഷണം. ജനങ്ങള്‍ക്ക് സാമ്പത്തിക ബാധ്യതയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും മോദി പറഞ്ഞു.
താഴെത്തട്ടിലേക്ക് ഈ പദ്ധതി വ്യാപിപ്പിക്കുന്നതിന്, നഗരസഭകളെയും പഞ്ചായത്തുകളെയും പ്രോത്സാഹിപ്പിക്കും. കൂടാതെ, വരുമാനം വര്‍ദ്ധിപ്പിക്കാനും വൈദ്യുതി ബില്ലുകള്‍ കുറയ്ക്കാനും ആളുകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പദ്ധതി ലക്ഷ്യമിടുന്നതായും മോദി പറഞ്ഞു. പദ്ധതി ശക്തിപ്പെടുത്തുന്നതിന് യുവാക്കളുടെയും ഉപയോക്താക്കളുടെയും സഹകരണം മോദി തേടി. പദ്ധതിയില്‍ ചേരാന്‍ https://pmsuryaghar.gov.in ല്‍ അപേക്ഷിക്കാന്‍ മോദി എക്സില്‍ കുറിച്ചു.pmsuryaghar.gov.inല്‍ കയറി Apply for rooftop solarല്‍ ക്ലിക്ക് ചെയ്താണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
മൊബൈല്‍ നമ്പര്‍, ഇ-മെയില്‍, കണ്‍സ്യൂമര്‍ നമ്പര്‍, തുടങ്ങിയ വിവരങ്ങള്‍ നല്‍കിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. കണ്‍സ്യൂമര്‍ നമ്പറും മൊബൈല്‍ നമ്പറും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് വേണം രജിസ്ട്രേഷന് പൂര്‍ത്തിയാക്കേണ്ടത്.
വൈദ്യുതി വിതരണ കമ്പനിയുടെ അനുമതി ലഭിച്ച് കഴിഞ്ഞാല്‍ സോളാര്‍ പ്ലാന്റ് സ്ഥാപിക്കാം. തുടര്‍ന്ന് പ്ലാന്റിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിച്ച് നെറ്റ് മീറ്ററിന് അപേക്ഷിക്കണം. നെറ്റ് മീറ്റര്‍ സ്ഥാപിച്ച് വൈദ്യുതി വിതരണ കമ്പനിയുടെ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം പോര്‍ട്ടല്‍ വഴി കമ്മീഷനിങ് സര്‍ട്ടിഫിക്കറ്റ് എടുക്കണം.
കമ്മീഷനിങ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച് കഴിഞ്ഞാല്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ക്യാന്‍സല്‍ഡ് ചെക്കും പോര്‍ട്ടല്‍ വഴി സമര്‍പ്പിക്കണം. 30 ദിവസത്തിനുള്ളില്‍ ബാങ്ക് അക്കൗണ്ടില്‍ സബ്സിഡി ലഭിക്കുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്.