കണ്ണൂര്‍: തലശേരി- മാഹി ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിനു സമർപ്പിച്ചു. ബൈപ്പാസിന്റെ ഉദ്ഘാടനം വിഡിയോ കോൺഫറൻസ് വഴിയാണ് പ്രധാനമന്ത്രി നിർവഹിച്ചത്. തലശേരി ചോനാടത്ത് ഒരുക്കിയ പ്രത്യേക വേദിയിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ സ്പീക്കർ എ.എൻ.ഷംസീറും പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസും പങ്കെടുത്തു.മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങിയവർ തിരുവനന്തപുരത്തുനിന്ന് ഓൺലൈനായാണ് ചടങ്ങിൽ പങ്കെടുത്തത്.
ആയിരത്തിലേറെപ്പേർ ഉദ്ഘാടന ചടങ്ങിന്റെ ഭാഗമാകാനായി എത്തി. ചടങ്ങിനോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറി. ഉദ്ഘാടനത്തിനു ശേഷം മന്ത്രി മുഹമ്മദ് റിയാസ്, സ്പീക്കർ എ.എൻ. ഷംസീർ എന്നിവരുടെ നേതൃത്വത്തിൽ ആറുവരി പാതയിലൂടെ ഡബിൾ ഡക്കർ ബസിൽ യാത്ര നടത്തി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും കണ്ണൂരിലെ സ്ഥാനാർഥി സി. രഘുനാഥും ബൈപ്പാസിലൂടെ റോഡ് ഷോ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
ഉദ്ഘാടനത്തിനു മുമ്പായി രാവിലെ എട്ട് മുതൽ ടോൾ ഈടാക്കിത്തുടങ്ങി. ട്രയൽ റണ്ണിനായി കഴിഞ്ഞ വ്യാഴാഴ്ച മുതൽ ബൈപ്പാസ് തുറന്നുകൊടുത്തിരുന്നു. ദേശീയപാത വികസനത്തിന്റെ ഭാഗമായ മലബാറിലെ ആദ്യ ആറുവരിപ്പാതയാണ് ഇതോടെ യാഥാര്‍ഥ്യമായത്. 45 മീറ്റർ വീതിയിൽ 18.6 കിലോമീറ്റർ നീളത്തിലാണ് ബൈപ്പാസ് പൂർത്തിയായത്. 1977ൽ സ്ഥലമേറ്റെടുപ്പ് തുടങ്ങിയ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ 2018ലാണ് തുടങ്ങിയത്. കോഴിക്കോട് അഴിയൂർ മുതൽ കണ്ണൂർ മുഴപ്പിലങ്ങാട് വരെയാണ് ബൈപ്പാസ്.
തലശ്ശേരി, മാഹി നഗരങ്ങളില്‍ പ്രവേശിക്കാതെ കണ്ണൂര്‍ ഭാഗത്തുനിന്ന് വരുന്നവര്‍ക്ക് കോഴിക്കോട് ജില്ലയിലെ അഴിയൂരില്‍ എത്തിച്ചേരാം. മുഴപ്പിലങ്ങാട്ടുനിന്ന് ധര്‍മടം, എരഞ്ഞോളി, തലശേരി, കോടിയേരി, മാഹി വഴിയാണ് റോഡ് അഴിയൂരില്‍ എത്തുന്നത്.