രണ്ട് ലക്ഷം കോടിയുടെ പദ്ധതികളുടെ ഉദ്ഘാടനവുമായി പത്ത് ദിവസത്തിനുള്ളില്‍ പന്ത്രണ്ട് സംസ്ഥാനങ്ങളില്‍ പ്രധാനമന്ത്രിയെത്തും. പ്രധാനമന്ത്രിയുടെ ഈ തിരക്കിട്ട പരിപാടികൾ വിലയിരുത്തുമ്പോൾ, ലോക്സഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഈ മാസം പതിമൂന്നിന് ശേഷമാകാൻ സാധ്യതയെന്നാണ്കണക്കുകൂട്ടൽ.
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് 12 സംസ്ഥാനങ്ങളിലെ വന്‍കിട വികസനപദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനുളള തിരക്കിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ്ണ മന്ത്രിസഭായോഗത്തിന് പിന്നാലെയാണ് പ്രധാനമന്ത്രി പന്ത്രണ്ട് സംസ്ഥാനങ്ങളിലേക്ക് യാത്ര തിരിക്കുന്നത്. ബിഹാര്‍, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്, ഡല്‍ഹി, പശ്ചിമബംഗാള്‍, ഒഡീഷ, അസം, അരുണാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, തെലങ്കാന, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പിന് മുമ്പ് പത്ത് ദിവസം പ്രധാനമന്ത്രി ചെലവഴിക്കുക. ഈ സംസ്ഥാനങ്ങളില്‍ വന്‍കിട പദ്ധതികളാണ് നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്നത്. ബിജെപിയും എന്‍ഡിഎ യും സംഘടിപ്പിക്കുന്ന വന്‍ റാലികളെ അദ്ദേഹം അഭിസംബോധന ചെയ്യും. ഈ സംസ്ഥാനങ്ങളിലെല്ലാം വികസനപരിപാടികൾ മാത്രമല്ല ബിജെപിക്ക് ദീര്‍ഘകാല രാഷ്ട്രീയ പദ്ധതികള്‍ കൂടെ ഉള്ളവയാണ് എന്നതാണ് പ്രത്യേകത.
ആദ്യ പ്രോഗ്രാം തെലങ്കാനായിലാണ്. അദിലാബാദില്‍ കേന്ദ്രസര്‍ക്കാരിന്റെ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവും സമര്‍പ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കുകയും എന്‍ഡിഎയുടെ പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും. മൊത്തം 56, 800 കോടിയുടെ വികസനപദ്ധതികളാണ് തെലങ്കാനയില്‍ മോദി ഉദ്ഘാടനം ചെയ്യുന്നത്. തുടര്‍ന്ന് തമിഴ്നാട്ടിലെത്തി കല്‍പ്പാക്കത്തെ അറ്റോമിക് എനര്‍ജി പ്ളാന്റായ ഭാവിനി സന്ദര്‍ശിക്കും. ചെന്നൈയില്‍ ബിജെപി തമിഴ്നാട് ഘടകം സംഘടിപ്പിക്കുന്ന റാലിയിലും പങ്കെടുത്തിട്ട് വീണ്ടും തെലങ്കാനയിലേക്ക് പോകും.
കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ തെലങ്കാനയിലെ സംഗറെഡ്ഡിയില്‍ നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനവും സമര്‍പ്പണവും തറക്കല്ലിടലും നിര്‍വഹിക്കും. തുടര്‍ന്ന് സംഗറെഡ്ഡിയില്‍ ബിജെപിയുടെ വന്‍ റാലിയെ അഭിസംബോധന ചെയ്യും. തുടര്‍ന്ന് ഒഡീഷയിലേക്ക് പോകുന്ന പ്രധാനമന്ത്രി, ജാജ്പൂരിലെ ചന്ദിഖോലെയിൽ 19,600 കോടിയുടെ വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിക്കും. ചിലതിന്റെ തറക്കല്ലിടലും നിര്‍വഹിക്കും. അവിടെയും വന്‍ പാർട്ടി റാലിയിൽ സംസാരിക്കുന്ന പ്രധാനമന്ത്രി അന്നു തന്നെ പശ്ചിമബംഗാളിലേക്ക് തിരിക്കും. ഈ മാസം ആറിന് കൊല്‍ക്കത്തയില്‍ കേന്ദ്ര സര്‍ക്കാരിന്റെ15,400 കോടി രൂപയുടെ വികസനപദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചതിന് ശേഷം ബരാസത്തില്‍ ബിജെപി റാലിയെ അഭിസംബോധന ചെയ്യും. അതിന് ശേഷം ബീഹാറിലെത്തുന്ന പ്രധാനമന്ത്രി ബേട്ടിയയില്‍ 8,700 കോടിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.
അടുത്തദിവസം അദ്ദേഹം ജമ്മുകാശ്മീരിലേക്ക് യാത്രതിരിക്കും. കാശ്മീരില്‍ ഏതാണ്ട് 32, 000 കോടിയുടെ പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിക്കുന്നു. മാര്‍ച്ച് എട്ടിന് ഡല്‍ഹിയില്‍ നടക്കുന്ന ആദ്യത്തെ നാഷണല്‍ ക്രിയേറ്റേഴ്സ് അവാര്‍ഡില്‍ പ്രധാനമന്ത്രി പങ്കെടുക്കും. അന്ന് തന്നെ അദ്ദേഹം അസമിലേക്ക് പോകും.
മാര്‍ച്ച് 9ന് അരുണാചല്‍ പ്രദേശിലെത്തുന്ന മോദി വെസ്റ്റ് കമെങ്ങില്‍ സെല ടണല്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഇറ്റാനഗറില്‍ വികസന പദ്ധതികളുടെ ഉദ്ഘാടനവും സമര്‍പ്പണവും തറക്കല്ലിടലും നിര്‍വ്വഹിക്കും. അരുണാചല്‍ പ്രദേശില്‍ നിന്ന് അസമിലേക്ക് മടങ്ങുന്ന പ്രധാനമന്ത്രി അസമിലെ ജോര്‍ഹട്ടില്‍ വിവിധ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് പശ്ചിമ ബംഗാളിലെ സിലിഗുരിയിലെത്തുന്ന അദ്ദേഹം ബിജെപി സംഘടിപ്പിക്കുന്ന വലിയ റാലികളെ അഭിസംബോധന ചെയ്യുകയും ചെയ്യും. അതിന് ശേഷമാണ് ഉത്തര്‍പ്രദേശിലെ അസംഗംഡില് പ്രധാനമന്ത്രിയെത്തുന്നത്.
മാര്‍ച്ച് 11 ന് ഡല്‍ഹിയിലെ പുസയില്‍ നമോ ഡ്രോണ്‍ ദീദി, ലഖ്പതി ദീദി എന്നിവയുമായി ബന്ധപ്പെട്ട പരിപാടികളിലും ഡല്‍ഹി- ദ്വാരക എക്സ്പ്രസ് വേയുടെ ഹരിയാനയില്‍ കൂടി കടന്ന് പോകുന്ന ഭാഗത്തിന്റെ ഉദ്ഘാടനവും നിര്‍വ്വഹിക്കും. മാര്‍ച്ച് 12 ന് പ്രധാനമന്ത്രി ഗുജറാത്തിലെ സബര്‍മതിയിൽ ഉണ്ടാകും. അതിനുശേഷം രാജസ്ഥാനിലേക്ക് പോകുന്ന പ്രധാനമന്ത്രി ആണവപരീക്ഷണം നടത്തിയ പൊഖ്റാന്‍ സന്ദര്‍ശിക്കും. മാര്‍ച്ച് 13 ന് പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഗുജറാത്തിലും അസമിലും മൂന്ന് സുപ്രധാന പദ്ധതികളുടെ തറക്കല്ലിടും.
വിവിധ സംസ്ഥാനങ്ങളിലായി 2 ലക്ഷം കോടിയിലധികം രൂപയുടെ വികസന പദ്ധതികളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ ഉദ്ഘാടനം ചെയ്യുകയോ തറക്കല്ലിടകയോ ചെയ്യുന്നത്. ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് ഇത്ര ചുരുങ്ങിയ കാലയളവിനുള്ളില്‍ ഒരു പ്രധാനമന്ത്രി ഇത്രയുമധികം വികസനപദ്ധതികള്‍ക്ക് നാന്ദികുറിക്കുന്നത്. ഈ പരിപാടികൾ എല്ലാം കഴിഞ്ഞതിനു ശേഷമേ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഉണ്ടാകാൻ സാധ്യതയുള്ളൂ.