തിരുവനന്തപുരം: ഹയർസെക്കൻഡറി പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയൽ അലോട്ടുമെന്റ് പ്രസിദ്ധീകരിച്ചു. 302353 വിദ്യാർഥികളാണ് ട്രയൽ അലോട്ടുമെന്റിൽ ഇടം നേടിയത്. 19നുള്ള ആദ്യ അലോട്ടുമെന്റിന്റെ സാധ്യതാ ലിസ്റ്റ് മാത്രമാണ് ട്രയൽ അലോട്ടുമെന്റ് ലിസ്റ്റ്.അതിനാൽ തന്നെ ട്രയൽഅലോട്ട്മെന്റ് പ്രകാരം ഒരു സ്കൂളിലും പ്രവേശനം നേടാനാകില്ല.
പ്രവേശനം നേടാൻ ആദ്യ അലോട്ടുമെന്റ് കാത്തിരിക്കണം. എന്നാൽ നിലവിൽ വിദ്യാർഥികൾ നല്‍കിയിട്ടുള്ള അപേക്ഷയിൽ ഏതെങ്കിലും തെറ്റ് കടന്നുകൂടിയിട്ടുണ്ടൈങ്കിൽ അവ ട്രയൽ അലോട്ടുമെന്റിൽ തിരുത്താം.കൂടാതെ നേരത്തേ നല്കിയ ഓപ്ഷനുകൾ പുനക്രമീകരിക്കുകയോ പുതിയവ കൂട്ടി ചേർക്കുകയോ ചെയ്യാം. ട്രയൽ അലോട്ടുമെന്റ് വ്യാഴാഴ്ച വൈകുന്നേരം അഞ്ച് വരെ വിദ്യാർഥികൾക്ക് പരിശോധിക്കാം. ഏതെങ്കിലും തിരുത്തലുകൾ ആവശ്യമെങ്കിൽ കാൻഡിഡേറ്റ് ലോഗിനിലെ എഡിറ്റ് ആപ്ലിക്കേഷൻ എന്ന ലിങ്കിലൂടെ ആവശ്യമായ തിരുത്തലുകളും കൂട്ടിച്ചേർക്കലും നടത്തി വ്യാഴാഴ്ച വൈകുന്നേരം അഞ്ചിനുള്ളിൽ സ്ഥിരീകരണം നടത്തണം. നാലര ലക്ഷത്തിലേറെ കുട്ടികളാണ് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിച്ചിട്ടുള്ളത്. വിദ്യാർഥികളുടെ ഹയർസെക്കൻഡറി അപേക്ഷയിലെ വിവരങ്ങളിൽ ഓപ്ഷനുകൾ ഉൾപ്പെടെയുള്ള തിരുത്തലുകൾ ഇനിയും വരുത്താം.