തിരുവനന്തപുരം : ഭീകര പ്രവര്‍ത്തനത്തിന് ഫണ്ട് ശേഖരണം നടത്തിയ കേസിലെ പ്രതികള്‍ കേരളത്തിലും സ്ഫോടനം നടത്താന്‍ പദ്ധതി തയ്യാറാക്കിയെന്ന് എന്‍ഐഎ. ടെലഗ്രാം ഗ്രൂപ്പുണ്ടാക്കിയാണ് പ്രതികള്‍ ആശയ വിനിമയം നടത്തിയിരുന്നത്. ഖത്തറില്‍ ജോലി ചെയ്യുമ്പോഴാണ് കേരളത്തില്‍ ഐ എസ് പ്രവര്‍ത്തനം തുടങ്ങാന്‍ പ്രതികള്‍ തീരുമാനിച്ചതെന്നും എന്‍ഐഎ കണ്ടെത്തി.
ഐഎസ് പ്രവര്‍ത്തനത്തിനായി ഫണ്ട് ശേഖരണം നടത്തിയ കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി ആഷിഫ് ഉള്‍പ്പെടെ മൂന്ന് പേരാണ് സ്ഫോടനം ആസൂത്രണം ചെയ്തത്. കേരളത്തില്‍ ഐ എസ് പ്രവര്‍ത്തനം തുടങ്ങുന്നതിന് പണം കണ്ടെത്താന്‍ ദേശസാല്‍കൃത ബാങ്കുള്‍പ്പെടെ കൊള്ളയടിക്കാന്‍ പ്രതികള്‍ ആസൂത്രണം നടത്തി. ഇതിനായി ക്രിമിനല്‍ കേസിലെ പ്രതികളെ കണ്ടെത്തിയിരുന്നു. ഏപ്രില്‍ 20ന് പാലക്കാട് നിന്നും പ്രതികള്‍ 30 ലക്ഷം കുഴല്‍പ്പണം തട്ടി. സത്യമംഗലം കാട്ടില്‍ ഒളിവില്‍ കഴിയുമ്പോഴാണ് തൃശൂര്‍ സ്വദേശി ആഷിഫ് അറസ്റ്റിലായത്. അറസ്റ്റിലായ മുഖ്യപ്രതി ആഷിഫ് ഉള്‍പ്പെടെ നാല് പേരെ എന്‍ഐഎ ചോദ്യം ചെയ്തുവരികയാണ്. കേസില്‍ രണ്ടുപേരെ കൂടി പിടികൂടാനുണ്ടെന്നാണ് അന്വേഷണസംഘം സൂചിപ്പിക്കുന്നത്.