തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ നേരിട്ടുള്ള കൂടുതൽ സമരമുഖങ്ങൾ തുറക്കാൻ സി.പി.എം തീരുമാനം. വർഗ ബഹുജന സംഘടനയായ പട്ടികജാതി ക്ഷേമസമിതി(പി.കെ.എസ്.)യെയാണ്, എസ്.എഫ്.ഐ.ക്കു പിന്നാലെ സമരരംഗത്തിറക്കുന്നത്. ’രാജ്ഭവൻ ദളിത് പീഡന കേന്ദ്ര’മാണെന്ന ഗുരുതര ആരോപണമുന്നയിച്ച് സമരരംഗത്തിറങ്ങാൻ, കഴിഞ്ഞദിവസം സി.പി.എം. സംസ്ഥാന കമ്മിറ്റി പി.കെ.എസ്.നേതൃത്വത്തിന് നിർദേശം നൽകി. ഗവർണറുടെ ഓഫീസിൽെവച്ച് മർദനമേറ്റശേഷം ആദിവാസി യുവാവ് വിജീഷ് മരിച്ച സംഭവം ഏറ്റെടുത്ത് സമരം ചെയ്യാനാണ് പറഞ്ഞിരിക്കുന്നത്.
ഇതേത്തുടർന്ന് 17-ന് ആയിരങ്ങളെ അണിനിരത്തി രാജ്ഭവനിലേക്ക് മാർച്ചും ധർണയും നടത്താൻ പി.കെ.എസ്. തീരുമാനിച്ചു. അടുത്തദിവസംതന്നെ സമരം നടത്തുന്നതിനാൽ, തിരുവനന്തപുരം ജില്ലയിലെ മുഴുവൻ പ്രവർത്തകരെയും പങ്കെടുപ്പിക്കാൻ ശ്രമം നടന്നുവരികയാണ്. രാജ്ഭവൻ മാർച്ച് മുതിർന്ന സി.പി.എം.നേതാവ് എ.കെ.ബാലനെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കുന്നതും രാഷ്ട്രീയ തീരുമാനമാണെന്നാണ് വിവരം.
ഒന്നരമാസംമുൻപ് നടന്ന സംഭവത്തിന്റെ പേരിൽ പി.കെ.എസ്. പെട്ടെന്ന് സമരം പ്രഖ്യാപിച്ചതിലൂടെ ഗവർണർക്കെതിരേ പരമാവധി സമരങ്ങൾ നടക്കണമെന്ന രാഷ്ട്രീയ നിലപാടാണ് പുറത്തുവരുന്നത്. സാധ്യമായ എല്ലാ മാർഗങ്ങളിലൂടെയും ഗവർണറെ പ്രതിരോധിക്കണമെന്ന് കഴിഞ്ഞദിവസം ചേർന്ന സി.പി.എം. സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരുന്നു. സർവകലാശാലാ സെനറ്റ് അംഗങ്ങളുടെ നാമനിർദേശത്തിനെതിരേ ആഴ്ചകളായി എസ്.എഫ്.ഐ.യുടെ കരിങ്കൊടി പ്രതിഷേധങ്ങൾ നടക്കുകയാണ്. കഴിഞ്ഞയാഴ്ച ഗവർണർ ഇടുക്കി സന്ദർശിക്കാനെത്തിയ ദിവസം ജില്ലാ ഹർത്താൽ പ്രഖ്യാപിച്ചാണ് നേരിട്ടത്.
ആദിവാസി യുവാവിന്റെ മരണത്തിൽ, അസ്വഭാവിക മരണത്തിന് കേസെടുക്കുകയും ആരോപണവിധേയരായ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു. രണ്ടുപേർക്കെതിരേ പട്ടികജാതി, വർഗ പീഡനനിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.