കണ്ണൂര്‍ : പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളെ ജയിലില്‍ സന്ദര്‍ശിച്ച് സിപിഎം നേതാവ് പികെ ശ്രീമതി. ഒരു സഹോദരി എന്ന നിലയിലാണ് ജയിലിലെത്തി അവരെ കണ്ടെതെന്ന് ശ്രീമതി മാധ്യമങ്ങളോട് പറഞ്ഞു. താന്‍ ആരോഗ്യമന്ത്രിയായിരുന്നപ്പോള്‍ എംഎല്‍എയായിരുന്നു കുഞ്ഞിരാമന്. മണികണ്ഠന് ഉള്‍പ്പടെയുള്ള മറ്റ് എല്ലാവരെയും പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാഗമായി പരിചയമുണ്ട്. ആ നിലയ്ക്കാണ് ജയിലില്‍ എത്തിയതെന്ന് ശ്രീമതി പറഞ്ഞു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയും ശ്രീമതിക്കൊപ്പമുണ്ടായിരുന്നു.
നാലുപ്രതികളുടെ ശിക്ഷാവിധി മരവിപ്പിക്കുമെന്നത് എല്ലാവരും പ്രതീക്ഷിച്ചതാണ്. മേല്‍ കോടതിയില്‍ നിന്ന് നീതികിട്ടുമെന്ന് പാര്‍ട്ടി സെക്രട്ടറി നേരത്തെ തന്നെ പറഞ്ഞിരുന്നു. പെരിയ കേസിലെ മുഴുവന്‍ പ്രതികളെയും കണ്ടു. ഇവരെ കാണരുതെന്ന് ആരും പറഞ്ഞിട്ടില്ലെന്നും നേരത്തെ എല്ലാവര്‍ഷവും ക്രിസ്മസ് ദിവസം താന്‍ ജയിലിലെത്തി പരാമവധി പ്രതികളെ സന്ദര്‍ശിക്കാറുണ്ടായിരുന്നെന്നും പികെ ശ്രീമതി പറഞ്ഞു.