തിരുവനന്തപുരം : സിപിഐഎം കേന്ദ്രക്കമ്മിറ്റി അംഗം പി കെ ശ്രീമതിക്ക് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ അസാധാരണ വിലക്ക്. മുഖ്യമന്ത്രി പിണറായി വിജയനാണ്, സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും ശ്രീമതിയെ വിലക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ 19 ന് നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലായിരുന്നു സംഭവം.
പ്രായപരിധി ഇളവ് ബാധകം കേന്ദ്ര കമ്മിറ്റിയില്‍ മാത്രമാണ്. അതിനാല്‍ കേന്ദ്രകമ്മിറ്റി അംഗം എന്ന നിലയില്‍ കേരളത്തിലെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കാനാവില്ല എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് പി കെ ശ്രീമതിയോട് പറഞ്ഞത്. പ്രായപരിധി ഇളവ് കേന്ദ്രകമ്മിറ്റിക്കു മാത്രമേ ബാധകമാകൂവെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടപ്പോള്‍ മറ്റ് നേതാക്കളാരും ഒന്നും പറഞ്ഞില്ല എന്നാണ് സൂചന.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി എംഎ ബേബി, സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് എന്നിവരുമായി സംസാരിച്ചപ്പോള്‍ ഇത്തരമൊരു വിലക്ക് പറഞ്ഞില്ലല്ലോ എന്ന് പികെ ശ്രീമതി ചോദിച്ചതായാണ് വിവരം. ഇതേത്തുടര്‍ന്ന് വെള്ളിയാഴ്ച നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ശ്രീമതി പങ്കെടുത്തില്ല. ശനിയാഴ്ച നടന്ന സംസ്ഥാന കമ്മിറ്റിയില്‍ ശ്രീമതി പങ്കെടുത്തിരുന്നു. മധുര പാര്‍ട്ടി കോണ്‍ഗ്രസാണ് കേന്ദ്രക്കമ്മിറ്റി അംഗങ്ങളായ ശ്രീമതിക്കും, മുഹമ്മദ് യൂസഫ് തരിഗാമിക്കും പ്രായപരിധിയില്‍ ഇളവ് അനുവദിച്ചത്.