


മലപ്പുറം : നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 100 ലേറെ സീറ്റ് ലഭിക്കുമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതിനുള്ള സാഹചര്യം നിലവിലുണ്ട്. യുഡിഎഫിന് 100 പ്ലസ് സീറ്റ് ലഭിക്കുമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയില്‍ അതിശയോക്തിയില്ല. കണക്കുകൂട്ടി തന്നെയാണ് യുഡിഎഫിന്റെ ആത്മവിശ്വാസം. ലീഗിനും അതേ വിലയിരുത്തലാണുള്ളത്. ലീഗ് മത്സരിച്ച പുനലൂരും ചേലക്കരയിലും പോലും ശക്തമായ യുഡിഎഫ് ട്രെന്‍ഡുണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുഖ്യമന്ത്രി ആരാകണമെന്നത് കോണ്‍ഗ്രസിന്റെ ചോയ്സാണ്. പ്രതിപക്ഷ നേതാവിന് ലീഗും പാര്‍ട്ടി നേതാക്കളും നല്കിയ പിന്തുണ മുന്നണിയെ നയിക്കാനുള്ള പിന്തുണയാണ്. മുഖ്യമന്ത്രി ആരെന്ന് കോണ്‍ഗ്രസ് തീരുമാനിക്കുന്നവര്‍ക്ക് ലീഗ് പിന്തുണ നല്‍കും. ലീഗ് മുന്നണിയെ പ്രതിസന്ധിയിലാക്കാന്‍ നില്‍ക്കില്ല. ഞങ്ങളായിട്ട് ഉപമുഖ്യമന്ത്രിസ്ഥാനം ആവശ്യപ്പെടാനും, അതിന്റെ പേരില്‍ മോശത്തരം ഉണ്ടാക്കാനും നില്‍ക്കില്ല. അക്കാര്യം പാണക്കാട് സാദിഖലി തങ്ങള്‍ അടക്കം വ്യക്തമാക്കിയിട്ടുള്ളതാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.