കൊച്ചി : കത്വ ഫണ്ട് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി കെടി ജലീലിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. വിഷയത്തില്‍ ഇഡി കേസെടുത്തെന്ന ആരോപണത്തിനടക്കമാണ് ഫിറോസിന്റെ മറുപടി. ഇഡി കേസെടുത്തെന്ന്ന്ന് രണ്ട് കൊല്ലമായി നിങ്ങള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയിട്ടെന്ന് പറഞ്ഞ ഫിറോസ്, ഞാനിന്ന് വരെ ഒരു ഇഡിയുടെ മുമ്പിലും ഹാജരായിട്ടില്ലെന്നും വിവരിച്ചു. ഇനി ഹാജരാകേണ്ടി വന്നാലും ഇക്ക പോയത് പോലെ തലയില്‍ മുണ്ടിട്ട് പോവുകയില്ലെന്നും സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.
പികെ ഫിറോസിൻറെ ഫെസ്ബുക്ക് കുറിപ്പ് :-
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പും തെരഞ്ഞെടുപ്പ് സമയത്തും എനിക്കെതിരെ വ്യാപകമായി പ്രചരിപ്പിച്ച കേസായിരുന്നു കത്വ കേസ്. ഈ കേസ് രാഷ്ട്രീയ വൈരാഗ്യത്തില്‍ കെട്ടിച്ചമച്ചതാണെന്നും കള്ളമാണെന്നും കണ്ടെത്തിയ പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് പുറത്ത് വന്നു.കെ.ടി ജലീലും വി.അബ്ദുറഹ്മാനും സി.പി.എമ്മും പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും സത്യം തല ഉയര്‍ത്തി നിന്നു. കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷവും ഇറക്കി.
ഇപ്പോ ജലീലിക്ക പറയുന്നത് പോലീസ് റിപ്പോര്‍ട്ട് കോടതി തളളിയെന്നാണ്. തള്ളിയാല്‍ അങ്ങിനെയൊരു ഉത്തരവിന്റെ പകര്‍പ്പ് ഉണ്ടാവില്ലേ ഇക്കാ. അതെവിടെ? പൊലീസിനെ സ്വാധീനിച്ച് നേടിയ റിപ്പോര്‍ട്ടാണെന്നാണ് ഇക്ക പറയുന്നത്. ലോകായുക്തയും ഹൈക്കോടതിയും സുപ്രീം കോടതിയും മന്ത്രി സ്ഥാനം എടുത്ത് തോട്ടിലെറിഞ്ഞപ്പോഴും ഇക്ക പറഞ്ഞത് സ്വാധീനമാണെന്നാണ്. പിണറായിപ്പൊലീസിനെയും കോടതികളെയും സ്വാധീനിക്കാന്‍ ഞാനത്ര വലിയ സംഭവമാണോ ഇക്കാ!?
ഞങ്ങള്‍ക്കെതിരെയുള്ള കേസില്‍ പോലീസ് അന്വേഷണം നടത്തി ആരോപണം കളവാണെന്ന റിപ്പോര്‍ട്ട് കോടതിയില്‍ സമ്മര്‍പ്പിച്ചെന്ന് മനസ്സിലാക്കിയപ്പോള്‍ നിങ്ങളൊരു പ്രൈവറ്റ് കംപ്ലയിന്റ് വീണ്ടും കൊടുത്തു. കോടതിയില്‍ ആര്‍ക്കും പ്രൈവറ്റ് കംപ്ലയിന്റ് കൊടുക്കാം. അത് ഇങ്ങളും കൊടുത്തിട്ടുണ്ട്. അല്ലാതെ ഒരു പൊലീസ് റിപ്പോര്‍ട്ടും ഒരു കോടതിയും തള്ളിയിട്ടില്ല.
പിന്നെ ഇ.ഡി കേസ്.
എനിക്കെതിരെ ഇ.ഡി കേസെടുത്തൂന്ന് രണ്ട് കൊല്ലമായി ഇങ്ങള് പ്രചരിപ്പിക്കാന്‍ തുടങ്ങിയിട്ട്. ഞാനിന്ന് വരെ ഒരു ഇ.ഡിയുടെ മുമ്പിലും ഹാജരായിട്ടില്ല. ഇനി ഹാജരാകേണ്ടി വന്നാലും ഇക്ക പോയത് പോലെ തലയില്‍ മുണ്ടിട്ട് പോവുകയും ഇല്ല.
അതോണ്ട് ജലീലിക്കാനോട് പറയാണ്. ഇങ്ങള് ആവുമ്പോലെ നോക്കി. പരാതി ഇഷ്ടം പോലെ കൊടുക്കി. ഇങ്ങക്ക് ഇഷ്ടമുള്ള ആള്‍ക്കാരെ വെച്ച് അന്വേഷിക്ക്. പക്ഷേ ഇക്കക്ക് കൂട്ടിയാ കൂടൂലാ. അതിന് ഇച്ചിരി കൂടെ മൂക്കണം. ഇത് യൂത്ത് ലീഗാ. മുസ്ലിം യൂത്ത് ലീഗ്.