‘ഇരുപത് സീറ്റുകളിലും ബിജെപി മൂന്നാം സ്ഥാനത്തായിരിക്കും’ കഴിഞ്ഞ രണ്ട് ദിവസമായി എല്ലാ തെരഞ്ഞെടുപ്പ് യോഗങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയന് ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്ന വാചകമാണിത്. സ്ഥാനത്തും അസ്ഥാനത്തും മുഖ്യമന്ത്രി ഇതുപറയുന്നുണ്ട്. ബിജെപിക്ക് കേരളത്തില്‍ ഒരു സീറ്റെങ്കിലും കിട്ടിയാൽ പഴി മുഴുവന്‍ തനിക്കായിരിക്കുമെന്ന് പിണറായിക്ക് നല്ലത് പോലെ അറിയാം.
തിരുവനന്തപുരത്തും തൃശൂരും ബിജെപി സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാന്‍ സിപിഎം വോട്ടുമറിക്കുമെന്ന ആരോപണം തെരഞ്ഞെടുപ്പിന്റെ തുടക്കം മുതലെ യുഡിഎഫ് ഉയര്‍ത്തുന്നുണ്ട്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലും സിഎംആര്‍എല്‍ മാസപ്പടി കേസിലും ഇഡി അടക്കമുള്ള കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം തകൃതിയായി നടക്കുകയാണ്. സിപിഎമ്മിന്റെ തൃശൂര്‍ ജില്ലാ സെക്രട്ടറി മുതല്‍ മുഖ്യമന്ത്രിയുടെ മകള്‍ വരെ ജയിലില്‍ പോകേണ്ടിവരുമെന്നുള്ള നിലയിലേക്കാണ് അന്വേഷണം പോകുന്നതും. അക്കാരണം കൊണ്ടുതന്നെ സിപിഎം- ബിജെപി അന്തര്‍ധാര എന്ന പ്രതിപക്ഷ ആരോപണത്തെ നേരിടാന്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും നന്നായി വിയര്‍ക്കുന്നുണ്ട്.
കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ പാര്‍ട്ടിയും മുഖ്യമന്ത്രിയും നട്ടം തിരിയുന്ന സമയമാണ്. ഇത്തരത്തിലൊരു സന്ദര്‍ഭത്തില്‍ പ്രതിപക്ഷത്തിന്റെ അന്തര്‍ധാര ആരോപണം നന്നായി ഏല്‍ക്കുമെന്ന് മുഖ്യമന്ത്രിക്കറിയാം. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് അടുത്തുവരുന്തോറും ബിജെപിക്കെതിരെ കടന്നാക്രമണം നടത്തുന്നുവെന്ന് ജനങ്ങള്‍ക്ക് തോന്നിയില്ലെങ്കില്‍ അത് തിരിച്ചടിയുണ്ടാക്കുമെന്ന് പിണറായി കരുതുന്നുണ്ട്. എന്നാൽ നരേന്ദ്രമോദിക്കെതിരെ വ്യക്തിപരമായി ഒരു കടന്നാക്രമണത്തിനും മുഖ്യമന്ത്രി മുതിരുന്നില്ലെന്നതും എടുത്തു പറയേണ്ട കാര്യമാണ്. മമതാ ബാനര്‍ജിയെ പോലെയോ ഡികെ ശിവകുമാറിനെപ്പോലെയോ മോദിയെ ആക്രമിക്കുന്ന തരത്തിലുള്ള ഒരു നീക്കവും പിണറായി നടത്തുന്നില്ല. സ്വര്‍ണ്ണക്കള്ളക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന് വരെ പ്രധാനമന്ത്രി കേരളത്തില്‍ വന്ന് പ്രസംഗിച്ചിട്ടും മുഖ്യമന്ത്രി അതിനെതിരെ ഒരക്ഷരം പറഞ്ഞില്ല. നരേന്ദ്രമോദിയെ വ്യക്തിപരമായി പ്രകോപിപ്പിക്കാതിരിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നുണ്ടെന്നാണ് ഇതില്‍ നിന്നും മനസിലാകുന്നത്.
ഇരുപത് സീറ്റിലും ബിജെപി മൂന്നാം സ്ഥാനത്ത് പോകുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ അവർ ഉപയോഗിക്കുന്നത് മറ്റൊരു വിധത്തിലാണ്. ബിജെപിക്ക് വിജയസാധ്യതയുള്ള സീറ്റുകളിലെല്ലാം സിപിഎം യുഡിഎഫിന് അനുകൂലമായി ക്രോസ് വോട്ടുചെയ്യുമെന്നാണ് ഇതെക്കുറിച്ച് ബിജെപി പറയുന്നത്. തിരുവനന്തപുരത്ത് ശശി തരൂരിനെയും തൃശൂരില്‍ കെ മുരളീധരനെയും വിജയിപ്പിക്കാന്‍ സിപിഎമ്മുകാര്‍ കോണ്‍ഗ്രസിന് വോട്ടുചെയ്യുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ നിന്നും മനസിലാക്കേണ്ടതെന്ന് ബിജെപി നേതൃത്വം പറയുന്നു. വരും ദിവസങ്ങളില്‍ സിപിഎമ്മിന്റെ ക്രോസ് വോട്ടിംഗിനെ പ്രചാരണവേദികളില്‍ നന്നായി ഉപയോഗിക്കാനാണ് ബിജെപി ഉദ്ദേശിക്കുന്നത്. കേരളത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും പരസ്പര സഹായസഹകരണ സംഘമാണെന്നാണെന്ന ആരോപണം പൊതുജനമധ്യത്തില്‍ ഉന്നയിക്കാനാണ് അവര്‍ ശ്രമിക്കുന്നതും.
കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം തിരുവനന്തപുരത്തും തൃശൂരും സിപിഎം അണികള്‍ തങ്ങള്‍ക്ക് വോട്ടു ചെയ്യുമെന്ന ശുഭാപ്തി വിശ്വസമാണുള്ളത്. 2014 ലും 2019 ലും ശശി തരൂര്‍ ജയിക്കാനുള്ള പ്രധാനകാരണം സിപിഎം വോട്ടുകള്‍ വലിയ തോതില്‍ അദ്ദേഹത്തിന് ലഭിച്ചതാണ്. തിരുവനന്തപുരത്ത് മാത്രമല്ല തൃശൂരും അങ്ങിനെ തന്നെ സംഭവിക്കുമെന്ന് കോണ്‍ഗ്രസുകാർ കരുതുന്നു. തിരുവനന്തപുരം മാതൃകയില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ തൃശൂരില്‍ കിട്ടിയില്ലെങ്കില്‍ അവിടെ കെ മുരളീധരന്റെ ജയം ബുദ്ധിമുട്ടാകുമെന്ന് കോണ്‍ഗ്രസിനറിയാം. തൃശൂരും തിരുവനന്തപുരത്തും മാത്രമല്ല പത്തനംതിട്ടയിലും ചില സിപിഎം വിഭാഗങ്ങളുടെ വോട്ടുകള്‍ തങ്ങള്‍ക്ക് കിട്ടുമെന്ന ഉറച്ച പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.
എന്തെങ്കിലും കാണാതെ ഒന്നും പറയുന്നയാളല്ല പിണറായി വിജയന്. കുറഞ്ഞപക്ഷം പുറമേക്കെങ്കിലും കടുത്ത ബിജെപി വിരുദ്ധ നിലപാട് കൈക്കൊള്ളേണ്ടതിന്റെ ആവശ്യം അദ്ദേഹത്തിന് നന്നായി അറിയാം. സിപിഎം- ബിജെപി അന്തര്‍ധാര എന്ന ആരോപണം ജനങ്ങള്‍ വിശ്വസിക്കാന്‍ സാധ്യതയുള്ള ഒരു രാഷ്ട്രീയാന്തരീക്ഷം കേരളത്തില്‍ ഉണ്ടെന്നും മുഖ്യമന്ത്രിക്കറിയാം. അത്തരത്തിലൊരു പ്രചാരണം വ്യാപകമായി നടക്കുകയും ജനങ്ങള്‍ അത് വിശ്വസിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം പാര്‍ട്ടിയുടെ അതിജീവനം തന്നെ വലിയ പ്രശ്നത്തിലാകും. അതുകൊണ്ട് അന്തര്‍ധാര പ്രചാരണത്തെ അതിശക്തമായി നേരിട്ടേ മതിയാകൂവെന്ന് പിണറായി വിജയനറിയാം.
ഇപ്പോള്‍ സിപിഎം തങ്ങളുടെ വലിയ വോട്ടുബാങ്കായി കരുതുന്നത് മുസ്ലിം വിഭാഗത്തെയാണ്. ബിജെപി-സിപിഎം അന്തര്‍ധാര പ്രചാരണം ശക്തിയാര്‍ജ്ജിച്ചാല്‍ മുസ്ലിം സമുദായത്തിൽ നിന്നും പാര്‍ട്ടിയെ പിന്തുണക്കുന്നവര്‍ കൊഴിഞ്ഞു പോകാന്‍ തുടങ്ങും. അതുകൊണ്ട് വരും ദിവസങ്ങളില്‍ പിണറായിയുടെ ബിജെപി ആക്രമണത്തിന്റെ ശക്തി അല്‍പ്പം കൂടാനാണ് സാധ്യത