തിരുവനന്തപുരം : ‘തെറ്റുകള്‍ ചെയ്യാതിരിക്കൂ, സംശുദ്ധ പ്രവര്‍ത്തനം തുടരൂവെന്ന്’ എസ്എഫ്ഐ പ്രവര്‍ത്തകരോട് പിണറായി വിജയന്. തെറ്റിനെതിരെ പടപൊരുതി എസ്എഫ്ഐയുടെ പ്രത്യേകത സൂക്ഷിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് കഴിയട്ടെയെന്നും പിണറായി വിജയന് പറഞ്ഞു. തിരുവനന്തപുരത്ത് എസ്എഫ്ഐയുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
‘നിങ്ങള്‍ സംശുദ്ധമായ രീതികള്‍ തുടരുക. ഏതെങ്കിലും തരത്തിലുള്ള തെറ്റുകള്‍ സംഭവിക്കാതിരിക്കട്ടെ. തെറ്റിനെതിരെ നല്ലതോതില്‍ പടപൊരുതുക. അങ്ങനെ എസ്എഫ്ഐയുടെ പ്രത്യേകത കാത്തുസൂക്ഷിക്കാന്‍ നിങ്ങള്‍ക്ക് കഴിയട്ടെ’ – എന്നു പറഞ്ഞായിരുന്നു പിണറായി ഉദ്ഘാടന പ്രസംഗം അവസാനിപ്പിച്ചത്.
കേരളം പൊതുവിദ്യാഭ്യാസരംഗത്തുമാത്രമല്ല, ഉന്നതവിദ്യാഭ്യാസ രംഗത്തും മികവിന്റെ കേന്ദ്രമായി മാറുകയാണെന്നും പിണറായി പറഞ്ഞു. രാജ്യത്തെ സര്‍ക്കാര്‍ യൂണിവേഴ്സിറ്റിയെടുത്താല് ആദ്യത്തെ പന്ത്രണ്ടില്‍ മൂന്നെണ്ണം സംസ്ഥാനത്ത് നിന്നുള്ളതാണ്. കേരള, കൊച്ചി, മഹാത്മഗാന്ധി സര്‍വകലാശാല എന്നിങ്ങനെ. 43ാം സ്ഥാനത്ത് കാലിക്കറ്റ് യൂണിവേഴ്സിറ്റി നില്ക്കുന്നു. അങ്ങനെ കേരളം മികവിന്റെ കേന്ദ്രങ്ങളായി മാറുന്നു. എല്ലാ രംഗത്തും വലിയ മാറ്റം വരുന്നു. ആ മാറ്റം ഇനിയും ശക്തിപ്പെടുത്താനാവണമെന്നും പിണറായി പറഞ്ഞു.
രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കുവഹിക്കാതെ ബ്രിട്ടീഷുകാരുമായി സഹകരിക്കാന്‍ തയ്യാറായ സംഘപരിവാര്‍ നേതാവാണ് സവര്‍ക്കര്‍. ചരിത്ര സമരങ്ങളുടെയൊന്നും ഭാഗമല്ലാത്തതിനാല്‍ തന്നെ സംഘപരിവാര്‍ ചരിത്രം തിരുത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആന്‍ഡമാനില്‍ ജയില്‍ ശിക്ഷ അനുഭിച്ച സ്വാതന്ത്ര്യ സമരപോരാളികളാരും ബ്രിട്ടീഷുകാര്‍ക്ക് മാപ്പു എഴുതി കൊടുത്ത് പോകില്ല. എന്നാല്‍ ബ്രിട്ടീഷുക്കാര്‍ക്ക് മാപ്പെഴുതി കൊടുത്ത് പോന്ന് സ്വാതന്ത്ര്യ സമരത്തെ വഞ്ചിച്ചയാളാണ് സവര്‍ക്കര്‍. ആ സവര്‍ക്കറെയാണ് വീരത്വം കൊടുത്തും ആദരിച്ചും സംഘപരിവാര്‍ വാഴ്ത്തിക്കൊണ്ട് നടക്കുന്നത്. സംഘപരിവാറിന്റെ കാവിവല്‍ക്കരണത്തിനെതിരെ ഏറ്റവും ഫലപ്രദമായി ഇടപെടുന്ന സംഘനയാണ് എസ്എഫ്ഐ എന്നും മുഖ്യമന്ത്രി പറഞ്ഞു.