ബിജെപിയുടെ താരപ്രചാരകന് പ്രധാനമന്ത്രി നരേന്ദ്രമോദിയും, കോണ്‍ഗ്രസിന്റേത് രാഹുല്ഗാന്ധിയുമായിരിക്കും എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍ ആരായിരിക്കും ഇടതുമുന്നണിയുടെ കേരളത്തിലെ താരപ്രചാരകന്? അത് മറ്റാരുമല്ല, മുഖ്യമന്ത്രി പിണറായി വിജയന് തന്നെ. പിണറായി വിജയനെ മുന്നില്‍ നിര്‍ത്തിയാണ് സിപിഎമ്മും ഇടതുമുന്നണിയും കേരളത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇരുപത് ലോക്സഭാ മണ്ഡലങ്ങളിലും മല്‍സരിക്കുന്നത് പിണറായി വിജയന് തന്നെയെന്ന ഫീലീംഗ് ഉണ്ടാക്കുകയാണ് സിപിഎമ്മും ഇടതുമുന്നണിയും. ബിജെപിക്ക് ഏകമുഖമായി ഉയര്‍ത്തിക്കാട്ടാനുള്ളത് മോദി ആണെങ്കില്‍ കേരളത്തില്‍ സിപിഎമ്മിന് ആ സ്ഥാനത്തുള്ളത് പിണറായി വിജയനാണ്.
ഇരുപത് ലോക്സഭാ മണ്ഡലങ്ങളിലും വീടുകള്‍ കയറിയിറങ്ങി ഇടതുമുന്നണി പ്രവര്‍ത്തകര്‍ വിതരണം ചെയ്യുന്ന അഭ്യര്‍ത്ഥനക്കൊപ്പം ഒരു പുസ്തകവുമുണ്ട്. പിണറായി വിജയന്റെ തിളങ്ങുന്ന മുഖചിത്രമുള്ള ആ പുസ്തകം മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗമാണ്. നിയമസഭയില്‍ ഗവര്‍ണ്ണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചക്ക് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞ മറുപടിയാണ് പുസത്കരൂപത്തില് കേരളമൊട്ടുക്ക് വിതരണം ചെയ്യുന്നത്. ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തെ കേന്ദ്രസര്‍ക്കാര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നത് മുതല്‍ സംസ്ഥാനത്തിനുള്ള കേന്ദ്രവിഹിതം വെട്ടിക്കുറച്ചത് വരെയുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗത്തിലുണ്ട്. ഇതാണ് കേരളത്തിലെ എല്ലാ ലോക്സഭാ മണ്ഡലങ്ങളിലെയും ഇടതുമുന്നണിയുടെ പ്രധാന പ്രചാരണായുധം.
പിണറായി സര്‍ക്കാര്‍ കഴിഞ്ഞ എട്ടുവര്‍ഷമായി ചെയ്യുന്ന ക്ഷേമപ്രവര്‍ത്തനങ്ങളും കേന്ദ്രം ഭരിക്കുന്ന ബിജെപിക്കെതിരെയുള്ള രാഷ്ട്രീയ വിമര്‍ശനങ്ങളുമാണ് ഇടതുമുന്നണിയെ സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പിലെ ചർച്ചാവിഷയങ്ങൾ. ഈ ആയുധങ്ങളെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന ഏക സിപിഎം നേതാവ് പിണറായി വിജയന് തന്നെയാണ്. കോണ്‍ഗ്രസിലാണെങ്കില്‍ ഏറ്റവും സീനിയറായ പ്രമുഖ നേതാക്കളാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ ചുക്കാന്‍ പിടിക്കുന്നത്. അവരില്‍ പലരും നേരത്തെ തന്നെ ദേശീയ സംസ്ഥാന തലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചിട്ടുള്ളവരുമാണ്. എന്നാല്‍ സിപിഎമ്മിനെയും ഇടതുമുന്നണിയെയും സംബന്ധിച്ചിടത്തോളം മൊത്തം പിണറായി മയമാണ്.
ഇടതുമുന്നണി കണ്‍വീനറായ ഇപി ജയരാജന് പിണറായിയോടും എംവി ഗോവിന്ദനോടും ഉള്ള എതിര്‍പ്പ് കാരണം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നും മാറി നില്‍ക്കുകയാണ്. എംവി ഗോവിന്ദന് ആദ്യമായിട്ടാണ് സംസ്ഥാന തലത്തില്‍ ഒരു തെരഞ്ഞെടുപ്പിനെ ഒറ്റക്ക് നയിക്കുന്നത്. ഇതെല്ലാം മുന്‍ നിര്‍ത്തിനോക്കുമ്പോള്‍ പിണറായിയെന്ന ഏകസൈന്യാധിപനാണ് ഇടതുമുന്നണിയുടെ പ്രചാരണയന്ത്രത്തെ ചലിപ്പിക്കുന്നതും മുന്നോട്ടുകൊണ്ടുപോകുന്നതും. മുൻ തെരഞ്ഞെടുപ്പുകളിൽ ദേശീയ തലത്തിൽ മോദി നടപ്പാക്കി വിജയിച്ചതും ഇതേ തന്ത്രമാണ്. മറ്റ് പല കാര്യങ്ങളിലും എന്നപോലെ പിണറായി ഇക്കാര്യത്തിലും മോദിയെ അനുകരിക്കുകയാണെന്ന് വിമർശകർക്ക് വേണമെങ്കിൽ ആക്ഷേപിക്കാം.
ഈ ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയവും പരാജയവും പിണറായി വിജയന്റെ മാത്രമായിരിക്കുമെന്ന സന്ദേശമാണ് സിപിഎമ്മും ഇടതുമുന്നണിയും ജനങ്ങള്‍ക്ക് നല്‍കുന്നത്. യുഡിഎഫിലാകട്ടെ വിഡി സതീശനും കെ സുധാകരനും മുതല്‍ രമേശ് ചെന്നിത്തലയും കെസി വേണുഗോപാലും വരെ വിജയത്തിനും പരാജയത്തിനും അവകാശികളാകാനുണ്ട്. എന്നാല്‍ സിപിഎമ്മില്‍ എല്ലാമെല്ലാം പിണറായി വിജയന് മാത്രമാണ്. പിണറായി vs മറ്റുള്ളവര്‍ എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ ഫോര്‍മാറ്റ് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.
ഇടതുകക്ഷികളെ സംബന്ധിച്ചിടത്തോളം ജീവന്മരണ പോരാട്ടാണ് ഈ തെരഞ്ഞെടുപ്പ്. അവരുടെ അസ്ഥിത്വം നിര്‍ണ്ണയിക്കുന്ന തെരഞ്ഞെടുപ്പ് കൂടിയാണിത്. ഈ തെരഞ്ഞെടുപ്പോടെ ദേശീയപാര്‍ട്ടികള്‍ എന്ന പദവി നഷ്ടപ്പെടുകയാണെങ്കില്‍ ദശാബ്ദങ്ങളായി സിപിഎമ്മും സിപിഐയും ഉപയോഗിക്കുന്ന അരിവാള്‍ ചുറ്റിക, അരിവാളും നെല്‍ക്കതിരും ചിഹ്നങ്ങള്‍ കൈവിട്ടു പോകും എന്ന ഭയം രണ്ടു പാര്ട്ടികള്ക്കമുണ്ട്. കേരളത്തിലെ സിപിഎമ്മിനെ അതായത് പിണറായി വിജയനെ സംബന്ധിച്ചിടത്തോളം 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള റിഹേഴ്സലാണ് ഇത്. 2016, 2019, 2021, 2024 എന്നീ തെരഞ്ഞെടുപ്പുകളിലെ പോലെ ഇനി 2026ലും പിണറായിയല്ലാതെ മറ്റൊരു നേതാവ് സിപിഎമ്മിനും ഇടതുമുന്നണിക്കും ഉണ്ടാവുകയുമില്ല.