തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ അവകാശം ആര്‍ക്കെന്ന രാഷ്ട്രീയ തര്‍ക്കം നടക്കുന്നതിനിടെ മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് പരാമര്‍ശിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഉദ്ഘാടന പ്രസംഗം. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയാണ് 2015 ഡിസംബറിൽ വിഴിഞ്ഞം തുറമുഖത്തിന് തറക്കല്ലിട്ടത്. വിഴിഞ്ഞം പദ്ധതിയുടെ നാൾ വഴികൾ ഓർമിപ്പിച്ചെങ്കിലും ഉമ്മൻചാണ്ടി സർക്കാരിനെ മുഖ്യമന്ത്രി പരാമർശിച്ചില്ല. 2006ല്‍ എല്‍ഡിഎഫ് സര്‍ക്കാരാണ് വിഴിഞ്ഞത്തിന് കേന്ദ്രാനുമതി നേടിയെടുക്കാന്‍ ശ്രമം ആരംഭിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
2007 ജൂലൈ 31ന് ടെൻഡർ ക്ഷണിച്ചു. പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ് പദ്ധതിക്ക് അനുമതി നിഷേധിച്ചതായി പറഞ്ഞ മുഖ്യമന്ത്രി, തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയേയും മുൻ മന്ത്രി അഹമ്മദ് ദേവർ കോവിലിനെയും അഭിനന്ദിച്ചു. വിഴിഞ്ഞം പോർട്ട് ചെയർമാൻ കരൺ അദാനി ഉമ്മൻചാണ്ടിയുടെ സേവനങ്ങളെ അനുസ്മരിച്ചു. അദാനി ഗ്രൂപ്പിന്റെ പ്രതിജ്ഞാബദ്ധമായ പ്രവര്‍ത്തനമാണ് പല തടസങ്ങള്‍ക്കിടയിലും പദ്ധതി യാഥാര്‍ഥ്യമാകാന്‍ കാരണമെന്നു മുഖ്യമന്ത്രി പറഞ്ഞു. ദീര്‍ഘകാലത്തെ സ്വപ്നം യാഥാര്‍ഥ്യമാക്കാൻ പിന്തുണ നല്കിയ എല്ലാവര്ക്കും മുഖ്യമന്ത്രി നന്ദി അറിയിച്ചു. തുറമുഖങ്ങള്‍ സാമ്പത്തിക വികസനത്തിന് ഏറ്റവും വലിയ ചാലക ശക്തിയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ലോകചരിത്രം തന്നെ വ്യക്തമാക്കുന്ന കാര്യമാണത്. വിഴിഞ്ഞം യാഥാര്‍ഥ്യമാകുമ്പോള്‍ കേരളത്തിന്റെ വികസന അധ്യായത്തിലെ പുതിയ ഏട് ആരംഭിക്കുകയാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം പുതിയ അധ്യായം തുറക്കുന്ന അഭിമാന നിമിഷമാണിത്. രാജ്യത്തിന് തന്നെ അഭിമാനമുഹൂര്‍ത്തമാണിത്. ലോകഭൂപടത്തില്‍ ഇന്ത്യ വിഴിഞ്ഞത്തിലൂടെ സ്ഥാനം പിടിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.