കോഴിക്കോട്: റിയാസ് മൗലവി കേസിൽ സംഭവിക്കാൻ പാടില്ലാത്തതാണു സംഭവിച്ചതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ‘‘വിധി വളരെ ഞെട്ടലുണ്ടാക്കി. സർക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാ നടപടികളും സ്വീകരിക്കും. സംഭവത്തിൽ ബേക്കൽ പൊലീസ് കേസെടുക്കുകയും 96 മണിക്കൂർ തികയും മുൻപ് 3 പ്രതികളെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഇവർ 7 വർഷം വിചാരണ തടവുകാരായി കിടന്നു. അത് പൊലീസിന്റെ ശക്തമായ ഇടപെടൽ കൊണ്ടാണ്. ജാമ്യാപേക്ഷയെ എതിർത്തു. മൗലവിയുടെ ഭാര്യയുടെ ആവശ്യപ്രകാരം ക്രിമിനൽ വക്കീലിനെ നിയമിച്ചു. മതസ്പർധ വളർത്താനുള്ള വകുപ്പ് ചേർക്കാൻ സർക്കാർ അനുമതി നൽകി. കേസന്വേഷണതിൽ സുതാര്യത പുലർത്തി. ഒരു ഘട്ടത്തിലും പരാതി ഉണ്ടായിരുന്നില്ല’’– മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ശാസ്ത്രീയ പരിശോധനാ ഫലങ്ങളും സാക്ഷിമൊഴികളും ഉണ്ടായിരുന്നിട്ടും പ്രോസിക്യൂഷന്റെ കണ്ടത്തലുകള്‍ കോടതി ശരിവച്ചില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. മൗലവിയുടെ ഘാതകര്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അതിനായി നിയമത്തിന്റെ എല്ലാ സാധ്യതകളും തേടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.