തിരുവനന്തപുരം: അതിവേഗ റെയിൽ പദ്ധതിയിൽ സംസ്ഥാനത്തിന്റെ പ്രഥമ പരിഗണന കെ- റെയിലിന് തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ മോൻസ് ജോസഫ് എം എൽ എയുടെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇ ശ്രീധരന്റെ ശുപാർശ പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കെ – റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കെയാണ് ഇ ശ്രീധരൻ അതിവേഗ റെയിൽവേ പദ്ധതിയുമായി സർക്കാരിനെ സമീപിച്ചത്. സിൽവർലെെൻ പദ്ധതിയ്ക്ക് പകരമായി അതിവേഗ റെയിൽപാത സംബന്ധിച്ച് ഇ ശ്രീധരൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ എന്ത് നടപടി സ്വീകരിച്ചെന്നായിരുന്നു മോൻസ് ജോസഫ് ഉന്നയിച്ച ചോദ്യം. കെ- റെയിലിനാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നത്തെന്നും ഇ ശ്രീധരൻ നൽകിയ ശുപാർശ പരിഗണിക്കുന്നതാണെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.
കെ-റെയിലിൽ നിന്നും കേരളം ഇപ്പോൾ പിന്നോട്ടു പോയിരിക്കുന്നത് കേന്ദ്രത്തിന്റെ അനുമതി ലഭിക്കാത്തതിനാലാണ്. പദ്ധതി പൂർണമായി ഉപേക്ഷിച്ചെന്ന തരത്തിലുള്ള ഒരു തീരുമാനവും നിലവിൽ സർക്കാർ എടുത്തിട്ടില്ല. കേന്ദ്രത്തിന്റെ അനുമതി ലഭിക്കാത്തതും സംസ്ഥാനത്തുടനീളം ഉണ്ടായ പ്രതിഷേധവുമാണ് കെ- റെയിലിൽ നിന്നും താൽകാലികമായി സർക്കാരിനെ പിന്നോട്ട് വലിച്ചതെന്നും മുഖ്യമന്ത്രി മറുപടിയിലൂടെ വ്യക്തമാക്കി.