സിപിഎം സംസ്ഥാന കമ്മിറ്റിയോഗത്തിലെ ചര്‍ച്ചകളില്‍ ലോക്സഭാ തെരെഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ പ്രധാന കാരണക്കാരന്‍ എന്ന വിമര്‍ശനം ഏറ്റുവാങ്ങിയെങ്കിലും അതിലൊന്നും കുലങ്ങാതെ 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിനായി തയ്യാറെടുക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്. നവകേരളാ സദസിന്റെ പരാജയമടക്കം നിരവധി വിഷയങ്ങളില്‍ മുഖ്യമന്ത്രിക്കെതിരെ തുറന്ന വിമര്‍ശനം സംസ്ഥാന കമ്മിറ്റിയോഗത്തിലുണ്ടായെങ്കിലും ഇതൊന്നും തന്നെ ബാധിക്കുന്നതേയില്ല എന്ന നിലപാടാണ് മുഖ്യമന്ത്രി നിലകൊണ്ടത്. പാര്‍ട്ടിയിലും സര്‍ക്കാരിലും തന്റെ പിടി അയഞ്ഞട്ടില്ലന്നും, തനിക്ക് പകരം ആരെയും കണ്ടെത്താനുള്ള ചെറിയ ശ്രമം പോലും നടത്തേണ്ടതുമില്ലന്ന സൂചനയാണ് പിണറായി വിജയന് നല്‍കിയത്.
ഒക്ടോബറില്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ ആരംഭിക്കുകയാണ്, 2025 ഫെബ്രുവരിയില്‍ സംസ്ഥാന സമ്മേളനവും അതിന് ശേഷം പാര്‍ട്ടികോണ്‍ഗ്രസും നടക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മുമ്പ് തന്നെ പാര്‍ട്ടി സമ്മേളനങ്ങള്‍ എല്ലാം തീര്‍ത്ത് പുതിയ നേതൃത്വം സിപിഎമ്മിനുണ്ടാകണമെന്ന നിര്‍ബന്ധം പിണറായിക്കുണ്ട്. പിണറായിയുടെ വിശ്വസ്തനായ എം വി ഗോവിന്ദന് പാര്‍ട്ടി സെക്രട്ടറിയായി തുടരുമെന്നാണ് അറിയുന്നത്. പിണറായി വിജയന് മല്‍സരിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഇപ്പോള്‍ തീര്ച്ചയില്ലെ ങ്കിലും പാര്‍ട്ടി കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പിണറായി തുടരട്ടെ എന്നൊരു നിര്‍ദേശം കേരള പ്രതിനിധികള്‍ മുന്നോട്ടുവയ്കുകയും ചെയ്താല്‍ കേന്ദ്ര നേതൃത്വത്തിന് അത് അംഗീകരിക്കേണ്ടി വരും.
സീതാറാം യെച്ചൂരി തന്നെ സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി തുടരണമെങ്കിലും കേരളത്തിലെ പ്രതിനിധികളുടെ നിലപാട് നിര്‍ണ്ണായകമായിരിക്കും. യെച്ചൂരിക്കാണെങ്കില്‍ ഒരു തവണ കൂടി അഖിലേന്ത്യാ സെക്രട്ടറി സ്ഥാനത്തുതുടരണം എന്ന ആഗ്രഹമുണ്ട്. ബംഗാളില്‍ നിന്നും മുഹമ്മദ് സലിമിനെയോ, കേരളത്തില്‍ നിന്നും എം എ ബേബിയെയോ അഖിലേന്ത്യ സെക്രട്ടറിയാക്കിയാല്‍ ദേശീയ തലത്തില്‍ പാര്‍ട്ടിക്ക് ഒരു ഇമേജുണ്ടാക്കാന്‍ കഴിയില്ലന്നും അതിന് യെച്ചൂരിയെ പോലെ കോണ്‍ഗ്രസ് അടക്കമുളള പാര്‍ട്ടികള്‍ക്ക് സമ്മതനായ ഒരാള്‍ തന്ന വേണമെന്നുമാണ് സിപിഎം കണക്കുകൂട്ടുന്നത്. അതുകൊണ്ട് യെച്ചൂരി ഒരു തവണ കൂടി കോംപ്രമൈസിംഗ് കാന്‍ഡിഡേറ്റ് എന്ന നിലയില്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടര്‍ന്നേക്കാമെന്നാണ് സിപിഎം കേന്ദ്രങ്ങള്‍ നല്കുന്ന സൂചന.
കേരളത്തില്‍ നിന്നും എംഎ ബേബിയെപ്പോലെ വളരെ സീനിയറായ ഒരു നേതാവ് പൊളിറ്റ്ബ്യുറോയില്‍ ഉണ്ടെങ്കിലും അദ്ദേഹം ഒരിക്കലും അത്തരത്തിലൊരു പദവിയിലെക്കെത്തിക്കാന് പിണറായി സമ്മതിക്കില്ല. എംഎ ബേബിക്ക് രാജ്യസഭാ സീറ്റ് നല്‍കേണ്ടി വരുമോ എന്ന ഭയന്നാണ് ജോസ് കെ മാണിയോട് രാജ്യസഭാ സീറ്റിന് വേണ്ടി നിര്‍ബന്ധം പിടിക്കാന്‍ പിണറായി രഹസ്യമായി പറഞ്ഞതെന്ന ഒരു കിവംദന്തിപോലും സിപിഎമ്മിനുള്ളില്‍ കറങ്ങി നടക്കുന്നുണ്ട്്. ഏതായാലും സിപിഎമ്മിലെ രാജ്യസഭാ സീറ്റ് മോഹികളെ വെട്ടാനാണ് പിണറായി ജോസ് കെമാണിക്ക് ആ സീറ്റ് നല്‍കിയതെന്നകാര്യം ഉറപ്പാണ്.
വരുന്ന തെരഞ്ഞെടുപ്പില്‍ കൂടി പിണറായി മല്‍സരരംഗത്ത് വേണമെന്ന് സിപിഎമ്മിലെ വലിയൊരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും ആഗ്രഹിക്കുന്നില്ല. എന്നാല്‍ പിണറായി ആഗ്രഹിച്ചാല്‍ അദ്ദേഹം മൂന്നാം തവണയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന കാര്യം ഉറപ്പാണ്. തോമസ് ഐസകിനെയും കെകെ ശൈലജയെയുമൊക്കെ മനോഹരമായി ഒതുക്കിയ സ്ഥിതിക്ക് ഇനി ആരും അദ്ദേഹത്തിന് എതിരാളികളായി പാര്‍ട്ടിയില്‍ ഇല്ല. എംവി ഗോവിന്ദനെ ഒരു തവണ കൂടി സംസ്ഥാന സെക്രട്ടറിയാക്കിയാല്‍ പിന്നെ പാര്‍ട്ടിയെ ഗോവിന്ദന് തന്നെ പിന്നില്‍ അണിനിരത്തിക്കോളുമെന്ന വിശ്വാസത്തിലാണ് പിണറായി. താരതമ്യേന ദുര്‍ബലനായ ഗോവിന്ദന് പാര്‍ട്ടിയില്‍ ഏത് സ്ഥാനം നല്കിയാലും തനിക്കൊരു ഭീഷണിയല്ലന്ന് പിണറായി നന്നായി അറിയുകയും ചെയ്യാം.
പിണറായി മാറിയാല്‍ ആര് എന്ന ധര്മ്മസങ്കടനം പാര്‍ട്ടിയെ നന്നായി അലട്ടുന്നുണ്ട്. രാഷ്ട്രീയതന്ത്രങ്ങള്‍ ആവിഷ്കരിക്കാനും അതു നടപ്പാക്കാനും കഴിയുന്നയാരും പാര്‍ട്ടിയില്ല. അത് പിണറായിക്കും നന്നായി അറിയാം. അതുകൊണ്ട് തന്നെയണ് അദ്ദേഹം ഒരു തവണകൂടി പാര്‍ട്ടിയെ നയിക്കണമെന്നാഗ്രഹിക്കുന്നത്. എന്നാല്‍ പിണറായിക്കുള്ള ആത്മവിശ്വാസം ഇക്കാര്യത്തില്‍ പാര്ട്ടിക്കില്ലന്നതാണ് യഥാര്‍ത്ഥ്യം.