തിരുവനന്തപുരം: പി.വി അൻവർ എംഎൽഎയെ തള്ളി മുഖ്യമന്ത്രി പിണറായ വിജയൻ. അൻവറിന്റേത് ഇടതുപക്ഷ പശ്ചാത്തലമല്ലെന്നും ഫോൺ സംഭാഷണം പുറത്തുവിടാൻ പാടില്ലായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പി.വി അൻവർ നൽകിയ പരാതി ഗൗരവമായി അന്വേഷിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി എന്തെങ്കിലും കണ്ടെത്തിയാൽ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇടതുപക്ഷ എംഎൽഎയാണ് പി.വി അൻവർ. എന്നാൽ, അദ്ദേഹത്തിന് അങ്ങനെയൊരു ബോധ്യമുണ്ടായിരുന്നുവെങ്കിൽ പരാതി ആദ്യം പാർട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തുകയാണ് വേണ്ടത്. ഒരു മുഖ്യമന്ത്രി എന്ന നിലയിലല്ല, കമ്യൂണിസ്റ്റുകാരൻ എന്ന നിലയിലാണ് ഇക്കാര്യം പറയുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.പാർട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തിയശേഷം മാത്രമാണ് പരസ്യനടപടികളിലേക്ക് കടക്കേണ്ടത്. ആ വഴിയല്ല അദ്ദേഹം സ്വീകരിച്ചത്. സാധാരണ നിലക്ക് ഞങ്ങളുടെ കൂട്ടത്തിലുള്ള ആൾ സ്വീകരിക്കുന്ന നടപടിയല്ല അത്.
പാർട്ടിയാണ് പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയെ നിയമിച്ചത്. മാതൃകാപരാമയ പ്രവർത്തനമാണ് അദ്ദേഹം നടത്തുന്നത്. ഒരുതരത്തിലുള്ള തെറ്റായ പ്രവർത്തനങ്ങളും അദ്ദേഹത്തിന്റെ പക്കലില്ല. അൻവർ കൊടുക്കുന്ന പരാതി അതേപോലെ സ്വീകരിച്ച് നടപടിയെടുക്കാനാല്ല പി. ശശി അവിടെ ഇരിക്കുന്നത്. നിയമപ്രകാരമുള്ള നടപടി എടുക്കാൻ മാത്രമാണ് അദ്ദേഹത്തിന് സാധിക്കുക. ആരോപണം വന്നതിന്റെ പേരിൽ ആരെയും മാറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരോപണം ഉന്നയിച്ചതിന് പിന്നാലെ അൻവറിനെ വിളിപ്പിച്ചിരുന്നു. എന്നാൽ, മൂന്ന് ദിവസം കഴിഞ്ഞാണ് അദ്ദേഹം വന്നത്. അഞ്ച് മിനിറ്റ് മാത്രമാണ് കൂടിക്കാഴ്ച നടത്തിയത്. സംസാരിക്കുന്ന കാര്യങ്ങൾ റെക്കോർഡ് ചെയ്യുന്നത് പൊതുപ്രവർത്തകന് യോജിച്ചതല്ല. അൻവർ അത് പരസ്യമാക്കുകയും ചെയ്തത് ശരിയായില്ല. മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്യാത്തതിന് പിന്നിൽ എഡിജിപി അജിത് കുമാറാണെന്ന് ഒരിക്കൽ അൻവർ തന്നോട് പറഞ്ഞിരുന്നു. എന്നാൽ, എന്റെ അന്വേഷണത്തിൽ അത് തെറ്റാണെന്ന് മനസ്സിലായെന്നും പിണറായി വിജയൻ പറഞ്ഞു.