തിരുവനന്തപുരം : വിഴിഞ്ഞം കേരളത്തിന്റെ ദീര്‍ഘകാലമായുള്ള സ്വപ്നമാണെന്നും സ്വപ്ന സാക്ഷാത്കാരത്തിന്റെ നിമിഷമാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയന്. അങ്ങനെ നമ്മള് ഇതും നേടി എന്നാണ് മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്. എല്ലാ രീതിയിലും അഭിമാനകരമായ നിമിഷമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രി അധ്യക്ഷ പ്രസംഗം തുടങ്ങിയത്.
വിഴിഞ്ഞം നമ്മുടെ രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖമായി മാറുകയാണ്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖമെന്ന് പറയുമ്പോള്‍ ലോകത്തെ തന്നെ ശ്രദ്ധിക്കപ്പെടുന്ന തുറമുഖങ്ങളിലൊന്നായി ഇത് മാറുകയാണ്. നിര്‍മാണം ഈ രീതിയില്‍ പൂര്‍ത്തിയാക്കുന്ന എല്ലാവര്ക്കും നന്ദി. എല്ലാവരും സഹകരിച്ചു. അദാനി ഗ്രൂപ്പ് നിര്‍മാണത്തില്‍ നല്ല രീതിയില്‍ സഹായിച്ചു. സംസ്ഥാനത്തിന്റെ മുന്‍ കയ്യില്‍ തുറമുഖം നിര്‍മാണം നടക്കുന്നത് ആദ്യം. ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു തുറമുഖ നിര്‍മാണം നടക്കുന്നത് ആദ്യം. ചെലവ് കൂടുതലും വഹിച്ചത് സംസ്ഥാനം. ഒരു പുതിയ യുഗത്തിന് തുടക്കം. വിഴിഞ്ഞം ഭാവിയെ കുറിച്ച് ആത്മവിശ്വാസം പകരുന്നു. കേവലം തുറമുഖം തുറക്കല്ലല്ല, വികസനത്തിലേക്കുള്ള മഹാകവാടമാണ് തുറക്കുന്നത്. ഒന്നാംഘട്ടം പതിറ്റാണ്ട് മുമ്പ് പൂര്‍ത്തിയാക്കി കമ്മീഷന് ചെയ്യുന്നു- മുഖ്യമന്ത്രി വ്യക്തമാക്കി.
ഒരുപാട് പ്രതിസന്ധികള്‍ നേരിട്ടുവെന്നും കേരളം തകര്‍ന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 1996 ലെ എല്‍ഡിഎഫ് സര്‍ക്കാറിന്റെ പദ്ധതിയാണ് നടപ്പിലാകുന്നതെന്ന് പറഞ്ഞ അദ്ദേഹം പദ്ധതിക്കായി പ്രതിപക്ഷത്തിരുന്നപ്പോള്‍ പ്രക്ഷോഭം നടത്തിയെന്നും വ്യക്തമാക്കി. തെറ്റിദ്ധാരണകളെ അതിജീവിച്ചു. നിയമക്കുരുക്കുകള്‍ നീക്കി. തദ്ദേശീയര്‍ക്കായി വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചു – മുഖ്യമന്ത്രി പറഞ്ഞു.