തിരുവനന്തപുരം : കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാറിന് എത്രവേണമെങ്കിലും കടമെടുക്കാം,അതിന് പരിധിയില്ല. പക്ഷേ സംസ്ഥാനങ്ങൾക്ക് അതിന് പ്രത്യേക പരിധിയുണ്ടാക്കുന്നു. കിഫ്ബി എടുക്കുന്ന കടവും സംസ്ഥാനത്തിന്റെ കടമായി കണക്കാക്കുകയാണ്. ഞങ്ങൾക്ക് ആകാവുന്നത് നിങ്ങൾക്ക് പറ്റില്ല എന്നാണ് കേന്ദ്ര സർക്കാരിന്റെ നയമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കേരള റീറ്റെയിൽ കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നോട്ട് നിരോധനം ഇപ്പോഴും ദു സ്വപ്നം. ഇറക്കുന്ന നോട്ടുകളുടെ വിശ്വാസ്യത ഇല്ലാതായെന്നും പിണറായി വിമർശിച്ചു. . കേരളത്തിൻറെ പൊതു സമ്പദ്ഘടനയ്ക്ക് വലിയ പിന്തുണയാണ് ചെറുകിട വ്യാപാരമേഖലയിൽ നിന്നുണ്ടാകുന്നത്. വലിയ പ്രതിസന്ധികളിലൂടെയാണ് ചെറുകിട വ്യാപാര മേഖല കടന്നുപോയത്. നോട്ട് നിരോധനം വലിയ തിരിച്ചടിയാണ് വ്യാപാരമേഖലയിൽ ഉണ്ടാക്കിയത്. കള്ളപ്പണം തടയാൻ വേണ്ടിയാണ് നോട്ട് നിരോധനം ഏർപ്പെടുത്തിയതെങ്കിലും പിന്നീട് വന്ന കണക്കുകളിലൂടെ കള്ളപ്പണം തടയാൻ ഇത് പര്യാപ്തമല്ലെന്ന് വ്യക്തമായി. ഇത്തരത്തിൽ നോട്ട് നിരോധനം പരാജയപ്പെട്ടുവെന്നും അവയുടെ ദൂഷ്യഫലം അനുഭവിക്കേണ്ടിവന്നത് സാധാരണക്കാരെന്നും മുഖ്യമന്ത്രി പറഞ്ഞു.