തൃശൂര്‍ : ലോകസഭാ തെരഞ്ഞടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ നടനും ബിജെപി നേതാവുമായി സുരേഷ് ഗോപിക്ക് ഒന്നും ചെയ്യാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അവിടെ എന്തോ വല്ലാത്ത സംഭവം ഉണ്ടാക്കാന്‍ പോകുകയാണെന്നാണ് ബിജെപി വക്താക്കള്‍ പ്രചാരണം നടത്തുന്നത്. എന്നാല്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. കഴിഞ്ഞ തവണ വല്ലാതെ കോപ്പൂകൂട്ടി വന്നതാണ്. ഒന്നും സംഭവിച്ചില്ലെന്നും പിണറായി പറഞ്ഞു.
രാഹുല്‍ ഗാന്ധിയെ പോലെയൊരാള്‍ മത്സരിക്കേണ്ടത് എല്ഡിഎഫിനെതിരെയാണോ, ബിജെപിക്കെതിരെയാണോ എന്നത് ആലോചിക്കേണ്ടത് കോണ്‍ഗ്രസ് പാര്‍ട്ടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇവിടെ ബിജെപിക്കെതിരെയാണ് മത്സരിക്കുന്നതെന്ന് പറയാന്‍ പറ്റുമോ?. അതിന്റെ ഭാഗമായുള്ള പ്രശ്നങ്ങള്‍ കോണ്‍ഗ്രസ് ആലോചിക്കേണ്ടതാണ്. തങ്ങള്ക്കിപ്പോ അത് പറയേണ്ട കാര്യമില്ലെന്നും പിണറായി പറഞ്ഞു. സുരേഷ് ഗോപിയെ നിര്‍ത്തി തൃശൂരില്‍ ഇത്തവണ വിജയം നേടാന്‍ കഴിയുമെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. ഇവിടെ ഐക്യത്തോടെയുള്ള മത്സരമുണ്ടാകുമോയെന്ന ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി
രാഹുല്‍ ഗാന്ധി എവിടെ മത്സരിക്കണമെന്ന് തീരുമാനിക്കുന്ന മുന്നണിയില്ല ഇന്ത്യാമുന്നണി. പൊതുവില്‍ ബിജെപിയെ തോല്‍പ്പിക്കുക എന്നതിന്റെ ഭാഗമായി ഉണ്ടായ കൂട്ടായ്മയാണ് അത്. ഓരോ പാര്‍ട്ടിയും ഏത് സ്ഥാനാര്‍ഥിയെ എവിടെ നിര്‍ത്തുന്നുവെന്നത് ഇന്ത്യാ മുന്നണി ആലോചിക്കുന്നില്ല. ഇടുതുമുന്നണിയുടെ സ്ഥാനാര്‍ഥി വയനാട്ടില്‍ ഉണ്ടാവും. ഇന്ത്യാമുന്നണിയുടെ ഭാഗമായി നില്ക്കുമ്പോള് കേരളത്തില്‍ ഇടുതുമുന്നണിയുടെ പ്രധാന എതിരാളി ആരാണെന്ന് നിങ്ങള്‍ക്ക് അറിയില്ലേയെന്ന് പിണറായി ചോദിച്ചു.
ബിജെപിയുടെ വിജയത്തില്‍ സുരേന്ദ്രനെക്കാള്‍ സന്തോഷിച്ചത് പിണറായി വിജയനാണെന്ന പ്രതിപക്ഷ നേതാവിന്റെ പ്രതികരണത്തിനുള്ള മറുപടി ഇങ്ങനെ; വിഡി സതീശന് എന്തോ പറ്റിയിരിക്കുകയാണ്. ഈയിടെയായി പലതും വിളിച്ചുപറയുകയാണ്. അദ്ദേഹത്തിന് എന്തോ പറ്റിയിരിക്കുകയാണ്. നിങ്ങള്‍ക്ക് ഉപദേശിക്കാന്‍ പറ്റുന്ന ആളാണെങ്കില്‍ അദ്ദേഹത്തെ ഉപദേശിച്ചോളൂ.