തിരുവനന്തപുരം : ഇത്തവണത്തെ ഓണം സന്തോഷത്തിന്റേത് ആകരുതെന്ന് ചിലരൊക്ക വല്ലാതെ ആഗ്രഹിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. ഓണത്തിന് എന്തൊക്കെയോ ഉണ്ടാകില്ലെന്നു പ്രചാരണം നടത്തി. അക്കൂട്ടര്‍ക്ക് നാണമെന്ന് പറയുന്നത് അടുത്തുകൂടി പോയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു
പറഞ്ഞതെല്ലാം അയഥാര്ഥമായി മാറുന്നു എന്നത് നമ്മുടെ നാട് കണ്ടുകൊണ്ടിരിക്കുകയാണ്. ബോധപൂര്‍വം ചില പ്രചരണം അഴിച്ചുവിടുകയാണ്. അവര്‍ വിചാരിക്കുന്നത് നാടാകെ തെറ്റിദ്ധരിക്കപ്പെടുമെന്നാണ്. ഇവര്‍ കണ്ടാലും കൊണ്ടാലും പഠിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നടക്കില്ലെന്നു പറഞ്ഞതെല്ലാം സര്‍ക്കാര്‍ യാഥാര്‍ഥ്യമാകുകയാണ്. സംസ്ഥാനത്ത് വലിയ വിലക്കയറ്റം ഉണ്ടാകുമെന്നു ചിലര്‍ പ്രചരിപ്പിച്ചു. വിലക്കയറ്റം ദേശീയ ശരാശരിയിലും താഴെയാണ്. സര്‍ക്കാരിന്റെ വിപണി ഇടപെടലാണ് വിലക്കയറ്റത്തെ പിടിച്ചു നിര്‍ത്തുന്നത്.
വലിയ പ്രചാരണങ്ങളെ നാട് എങ്ങനെ സ്വീകരിച്ചു എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് എല്‍ഡിഎഫ് സര്‍ക്കാരിനു തുടര്‍ ഭരണം ലഭിച്ചത്. പ്രചാരണങ്ങള്‍ അനുസരിച്ചായിരുന്നെങ്കില്‍ എല്‍ഡിഎഫിനു വിരലിലെണ്ണാവുന്ന സീറ്റ് മാത്രമേ ലഭിക്കുമായിരുന്നുള്ളൂ. സര്‍ക്കാരിനെക്കുറിച്ച് ബോധപൂര്‍വ്വം തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണ്. അതെല്ലാം തെറ്റാണെന്ന പൂര്‍ണ ബോധ്യം മഹാഭൂരിപക്ഷം ജനത്തിനും ഉള്ളതുകൊണ്ടാണ് നേരത്തെ ഉള്ളതിനേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷം നല്കി എല്‍ഡിഎഫിനെ വിജയിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.