തിരുവനന്തപുരം: സില്‍വര്‍ ലൈനില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉടന്‍ മെട്രോമാന് ഇ ശ്രീധരനുമായി കൂടിക്കാഴ്ച നടത്തും. ഇ ശ്രീധരനുമായുള്ള ചര്‍ച്ചയില്‍ മുഖ്യമന്ത്രിക്കൊപ്പം കെ റെയില്‍ പ്രതിനിധികളും പങ്കെടുക്കും എന്നാണ് സൂചന. ശ്രീധരന്റെ നിര്‍ദേശത്തില്‍ കെ റെയില്‍ കോര്‍പറേഷന്റെ അഭിപ്രായം കൂടി തേടും. ഡിപിആര്‍ മാറ്റുന്നതടക്കം പരിഗണനയിലുണ്ട്.
സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുന്നതിന് ബദല്‍ നിര്‍ദേശങ്ങള്‍ തേടി സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രതിനിധി കെ വി തോമസ് ഇ ശ്രീധരനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സില്‍വര്‍ലൈന്‍ പദ്ധതിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ അടങ്ങിയ നിര്‍ദേശം ഇ ശ്രീധരന് സര്‍ക്കാരിന് കൈമാറിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സില്‍വര്‍ ലൈന്‍ പദ്ധതി വീണ്ടും സജീവമാക്കാന്‍ മുഖ്യമന്ത്രി ഇ ശ്രീധരനുമായി കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചത്. ബിജെപി പിന്തുണച്ചതോടെ കേന്ദ്രാനുമതി കിട്ടുമെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ പ്രതീക്ഷ.
തുടക്കത്തില്‍ സെമി ഹൈസ്പീഡും പിന്നീട് ഹൈസ്പീഡും എന്ന തരത്തില്‍ പദ്ധതി നടപ്പാക്കണമെന്നാണ് ശ്രീധരന്റെ നിര്‍ദേശം. സ്റ്റാന്‍ഡേര്‍ഡ് ഗേജിന് പകരം ബ്രോഡ്ഗേജില്‍ പദ്ധതി നടപ്പാക്കണം. ഇത് റെയില്‍വേ ശൃംഖലയുമായി ബന്ധിപ്പിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.