കോഴിക്കോട് : കേരളത്തിലെ വിവിധ സഹകരണ ബാങ്കുകളിലായി 5,000 കോടിയുടെ മെഗാ കുംഭകോണം നടന്നിട്ടുണ്ടെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പികെ കൃഷ്ണദാസ്. പണം കട്ടവരെ സിപിഎമ്മും സംസ്ഥാന സര്‍ക്കാരും സംരക്ഷിക്കുകയാണെന്നും കൃഷ്ണദാസ് ആരോപിച്ചു.
കട്ടവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന മുഖ്യമന്ത്രി കേരളത്തിന് അപമാനകരമാണെന്ന് കൃഷ്ണദാസ് കുറ്റപ്പെടുത്തി. ‘കറുത്ത വറ്റ് ഒന്നേയുള്ളു എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പക്ഷേ വെള്ള വറ്റിനെ ഭൂതക്കണ്ണടിവെച്ച് നോക്കിയാലും ഇപ്പോള്‍ കാണില്ല. ഒരു കറുത്ത വറ്റല്ല, കലം മുഴുവന്‍ കറുത്തിരിക്കുകയാണ്. സഹകരണ വകുപ്പ് മന്ത്രി വാസവന് 2022 ജൂണ്‍ 28ന് നിയമസഭയില്‍ പറഞ്ഞത് ഏതാണ്ട് 399 ബാങ്കുകളില്‍ ക്രമക്കേട് നടന്നെന്ന് കണ്ടെത്തിയെന്നും അന്വേഷണം നടക്കുകയാണെന്നുമാണ്. ഇത് ഒരു വര്‍ഷം മുമ്പാണ്. ഇപ്പോള്‍ ഏതാണ്ട് 600ല്‍ അധികം ബാങ്കുകളില്‍ തട്ടിപ്പ് നടന്നിട്ടുണ്ട്. 5000 കോടിയുടെ കുംഭകോണമാണ് നടന്നത്. ഇതിനെയാണ് ഒരു കറുത്ത വറ്റെന്ന് പറയുന്നത്. ഇത്രമാത്രം കട്ടവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന മുഖ്യമന്ത്രി കേരളത്തിന് ലജ്ജാകരമാണ്. വാസവന്റെ പ്രസ്താവന കടമെടുത്താല്‍ ഈ തട്ടിപ്പെല്ലാം ഒറ്റ കറുത്ത വറ്റാണോ എന്ന് മുഖ്യമന്ത്രി പറയണം’- കൃഷ്ണദാസ് പറഞ്ഞു
സഹകരണ ബാങ്കുകളിലെ തട്ടിപ്പ് ഒന്നൊന്നായി പുറത്തുവന്നപ്പോഴാണ്, ഏഴ് മാസം മാധ്യമങ്ങളില്‍നിന്ന് അകലം പാലിച്ച കേരളത്തിന്റെ മുഖ്യമന്ത്രി ദിനംതോറും പത്രസമ്മേളനം നടത്തുന്നത്. കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തില്‍ കേന്ദ്ര ഏജന്‍സിയായ ഇഡിയെ പരസ്യമായി അദ്ദേഹം ഭീഷണിപ്പെടുത്തി. പൊലീസിനെ ഉപയോഗിച്ച് കേസന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. എംവി ഗോവിന്ദനും ഇതേ രീതിയിലാണ് ശ്രമം നടത്തുന്നത്. എംവി ഗോവിന്ദന് പറഞ്ഞത് നിങ്ങള്‍ ഒറ്റുകൊടുക്കരുത് എന്നാണ്. ഗോവിന്ദന് പറയേണ്ടത് കക്കരുത് എന്നായിരുന്നു. മറ്റ് ബാങ്കുകളിലേക്ക് ഇ.ഡി അന്വേഷണം വ്യാപിക്കരുത് എന്ന അജണ്ടയുടെ അടിസ്ഥാനത്തിലാണ് ഇഡിക്കെതിരായ പ്രതിരോധവും പ്രതിഷേധവും മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.