ന്യൂഡൽഹി : വയനാട്പുനരധിവാസ പാക്കേജ് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി. വയനാട്ടിലെ നിലവിലെ സാഹചര്യവും മുഖ്യമന്ത്രി വിശദീകരിച്ചു.മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിൽ ഉൾപ്പെട്ടവരുടെ പുനരധിവാസത്തിനായുള്ള കേന്ദ്ര സഹായം ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയുടെ സന്ദർശനം.
സംസ്ഥാന സർക്കാർ തയ്യാറാക്കിയ വിശദമായ നിവേദനവും മുഖ്യമന്ത്രി കൈമാറി.അര മണിക്കൂറോളം നേരമാണ് ഇരുവരുവരും കൂടിക്കാഴ്ച്ച നടത്തിയത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 7 ലോഗ് കല്ല്യാൺ മാർഗിലായിരുന്നു കൂടിക്കാഴ്ച്ച. 2000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് വേണമെന്നാണ് സംസ്ഥാനത്തിൻ്റെ പ്രധാന ആവശ്യം. നേരത്തെ വയനാട്ടിൽ സന്ദർശനം നടത്തിയ മോദി പുനരധിവാസ പ്രവർത്തനങ്ങൾക്ക് പണം തടസമാകില്ല എന്ന് അറിയിച്ചിരുന്നു. വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ 1200 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് റവന്യുമന്ത്രി കെ. രാജൻ നേരത്തെ വ്യക്തമാക്കിയിരുന്നു. പുനരധിവാസത്തിനായി 2000 കോടിയിലേറെ രൂപ വേണമെന്നാണ് സർക്കാർ കണക്കാക്കുന്നത്. കേന്ദ്രത്തിന് നൽകാനുള്ള മെമ്മോറാണ്ടം തയ്യാറായിക്കഴിഞ്ഞു.
വയനാട്ടിലെ മുണ്ടക്കെ, ചൂരൽമല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 6 ലക്ഷം രൂപ ധനസഹായം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങളില്ലെങ്കിൽ അടുത്ത ബന്ധുക്കൾക്കും ധനസഹായം നല്‍കും. ഇതിനായി പിന്തുടർച്ച അവകാശ സർട്ടിഫിക്കറ്റ് ഹാജരാക്കണം. കാണാതായ വ്യക്തികളുടെ ആശ്രിതർക്കും സാമ്പത്തിക സഹായം ഉണ്ടാകും. ഉരുള്‍പൊട്ടലില്‍ കണ്ണുകള്‍, കൈകാലുകള്‍ എന്നിവ നഷ്ടപ്പെട്ടവര്‍ക്കും 60% ല്‍ അധികം വൈകല്യം ബാധിച്ചവര്‍ക്ക് 75,000 രൂപ നൽകും. 40% മുതല്‍ 60% വരെ വൈകല്യം ബാധിച്ചവര്‍ക്ക് 50,000 രൂപയും സിഎംഡിആര്‍എഫില്‍ നിന്നും അനുവദിക്കുവാന്‍ തീരുമാനിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കുന്ന കുടുംബത്തിന് പ്രതിമാസം 6000 രൂപ വാടക ഇനത്തിൽ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ബന്ധുവീടുകളിലേക്ക് മാറുന്നവർക്കും വാടക തുക ലഭിക്കും.