ബംഗളൂരു: ജെഡിഎസ് ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന് സമ്മതം അറിയിച്ചിരുന്നെന്ന് മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് ദേശീയ അധ്യക്ഷനുമായ എച്ച്.ഡി.ദേവഗൗഡ. ഇതുകൊണ്ടാണ് ഇടത് സര്‍ക്കാരില്‍ ഇപ്പോഴും ജെഡിഎസിന് മന്ത്രിയുള്ളതെന്നും ദേവഗൗഡ പ്രതികരിച്ചു. ബംഗളൂരുവില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ദേവഗൗഡ.
ബിജെപി ബന്ധം എതിര്‍ത്തതിന്റെ പേരില്‍ കര്‍ണാടക ജെഡിഎസ് അധ്യക്ഷനായ സി.എം.എബ്രഹാമിനെ പാര്‍ട്ടി പുറത്താക്കിയിരുന്നു. ഇതേക്കുറിച്ച് വിശദീകരിക്കുന്നതിനിടെയാണ് ദേവഗൗഡയുടെ നിര്‍ണായക വെളിപ്പെടുത്തല്‍.ബിജെപിയുമായുള്ള സഖ്യത്തിന് ജെഡിഎസ് കേരളഘടകത്തിന് പിണറായി അനുമതി നല്‍കിയെന്ന് ദേവഗൗഡ പറഞ്ഞു. ഇതുകൊണ്ടാണ് ജെഡിഎസ് കേരളഘടകം ഇപ്പോഴും ഇടത് സര്‍ക്കാരിനൊപ്പം തുടരുന്നത്.
പാര്‍ട്ടിയെ രക്ഷിക്കാനാണ് തങ്ങള്‍ ബിജെപിയുമായി സഖ്യത്തിന് തയാറായതെന്ന് പിണറായിക്ക് ബോധ്യപ്പെട്ടിരുന്നു. അതുകൊണ്ട് സഖ്യത്തിന് അദ്ദേഹം പൂര്‍ണ സമ്മതം നല്‍കിയെന്നും ദേവഗൗഡ കൂട്ടിച്ചേര്‍ത്തു.ജെഡിഎസ് ബിജെപിയുമായി സഖ്യമുണ്ടാക്കിയതിന് പിന്നാലെ പാര്‍ട്ടി കേരളഘടകം ഇതിനെതിരേ രംഗത്തുവന്നിരുന്നു. മന്ത്രി കൃഷ്ണന്‍കുട്ടിയും മാത്യൂ ടി.തോമസും അടക്കമുള്ള നേതാക്കള്‍ ദേവഗൗഡയെ കണ്ട് ഇക്കാര്യം അറിയിച്ചിരുന്നു. എന്‍ഡിഎയെ തള്ളിപ്പറഞ്ഞുകൊണ്ട് പാര്‍ട്ടി കേരളഘടകം പ്രമേയവും പാസാക്കി. ഇതിന് പിന്നാലെയാണ് ദേവഗൗഡയുടെ വെളിപ്പെടുത്തല്‍.