സിപിഎമ്മിലെ കണ്ണൂര്ലോബിയെ പിണറായി വിജയന് തന്നെ കുഴിച്ചു മൂടുമോ എന്നാണ് ഇപ്പോള്‍ എല്ലാവരും ഉറ്റു നോക്കുന്നത്. ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന് തനിക്കെതിരെ തിരിഞ്ഞപ്പോള്‍ തന്നെ കണ്ണൂര്‍ ലോബിയെ വെട്ടിനിരത്താന്‍ പിണറായി തിരുമാനിച്ചുറപ്പിച്ചിരുന്നു. അതിന്റെ ഭാഗമായിട്ടുകൂടിയാണ് കെകെ ശൈലജയെ വടകരയില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. ശൈലജയും ഇപി ജയരാജനും പി ജയരാജനും തനിക്കെതിരായി നിലകൊള്ളുന്നുവെന്ന് പിണറായി മനസിലാക്കിയിരുന്നു. അതില്‍ ഏറ്റവും ശക്തന് ഇപി ജയരാജന് ആണ് എന്നത് കൊണ്ട് ആദ്യമേ തന്നെ ജയരാജനെ കൈകാര്യം ചെയ്തു. മകന്റെ റിസോര്‍ട്ട് കേസില്‍ കുടുക്കി അദ്ദേഹത്തെ നിശബ്ദനാക്കി. ഇപ്പോള്‍ എംവി ഗോവിന്ദനും കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജനുമാണ് കണ്ണൂര്‍ ലോബിയില്‍ പിണറായിക്കൊപ്പം നില്‍ക്കുന്നത്.
എഴുപതുകളില്‍ എംവി രാഘവന് രൂപം കൊടുത്ത സിപിഎമ്മിലെ കണ്ണൂര്‍ ലോബിയിലെ കരുത്തരായ പലരും എംവിആറിനൊപ്പം സിഎംപി ഉണ്ടാക്കി പുറത്തേക്ക് പോയി. പിന്നീട് നായനാരും അതിന് പിന്നില്‍ പിണറായിയുമായി കണ്ണൂര്‍ ലോബിയുടെ കരുത്തരായ നേതാക്കള്‍. നായനാര്‍ മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞശേഷം വിശ്രമ ജീവിതത്തിലേക്ക് കടന്നപ്പോള്‍ കണ്ണൂര്‍ ലോബിയുടെ ചോദ്യം ചെയ്യപ്പെടാനാകാത്ത നേതാവ് പിണറായി വിജയനായി തീര്‍ന്നു. ഒരര്‍ത്ഥത്തില്‍ നായനാരെക്കാളും എംവിരാഘവനെക്കാളും ശക്തന്. വിഎസിനെതിരായ പോരാട്ടത്തിന് കണ്ണൂര്‍ ലോബി സുശക്തമായ കോട്ടപോലെ പിണറായിക്ക് പിന്നില്‍ അണിനിരന്നു. കോടിയേരി ബാലകൃഷ്ണനായിരുന്നു അന്നൊക്കെ പിണറായിക്ക് വേണ്ടി കണ്ണൂര്ലോബിയെ നയിച്ചത്.
കോടിയേരിയുടെ അസുഖവും മക്കള്‍ക്കെതിരായ ആരോപണങ്ങളും അദ്ദേഹത്തെ പാര്‍ട്ടിയില്‍ ദുര്ബലമാക്കിയോടെ പിണറായിയെ ചോദ്യം ചെയ്യാന്‍ പാര്‍ട്ടിയില്‍ തന്നെ ആരുമില്ലാതായി. കോടിയേരി വിടവാങ്ങിയതോടെ കണ്ണൂര്‍ലോബി എന്നത് പിണറായി വിജയനും ആശ്രിതന്മ്മാരും മാത്രമായി. എന്നാല്‍ പതിയ പതിയെ അവിടെയും പിണറായിക്കെതിരായ അസംതൃപ്തി ഉറഞ്ഞുകൂടുന്നുണ്ടായിരുന്നു. തന്നെക്കാള്‍ വളരെ ജൂനിയറായ എംവി ഗോവിന്ദനെ കൊടിയേരിയുടെ പിന്‍ഗാമിയായി തെരെഞ്ഞെടുത്തപ്പോഴാണ് ഇപിജയരാജന് ആദ്യവെടിപൊട്ടിച്ചത്. ഇടതുമുന്നണി കണ്‍വീനര്‍ എന്ന നിലയില്‍ മുന്നണി യോഗങ്ങള്‍ വിളിച്ചുകൂട്ടാന്‍ പോലും ഇപി തയ്യാറായില്ല. ഇതോടെ ഇപിയെ ഒതുക്കേണ്ടത് പിണറായിയുടെ അടയന്തിരാവശ്യമായി മാറി. അങ്ങനെയാണ് നിതാന്തശത്രുവായ പി ജയരാജനെക്കൊണ്ട് മകന്റെ റിസോര്ട്ടുായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ചത്. രണ്ടു ജയരാജന്മ്മാരെയും ഒരേ സമയം തീര്ക്കുകയെന്നായിരുന്നു പിണറായിയുടെ പ്ളാന്‍.
അതോടൊപ്പം കെകെശൈലജയും പിണറായിക്കെതിരായ നീക്കങ്ങളില്‍ പങ്കുചേരാന്‍ തുടങ്ങി. എംവി ഗോവിന്ദനാകട്ടെ ഇതിനെല്ലാം നിശബ്ദ സാക്ഷിയായി. ഈ നീക്കങ്ങളെ തടയാന്‍ അദ്ദേഹം ഒന്നും ചെയ്തുമില്ല. താന്‍ പാര്‍ട്ടിയില്‍ പൂര്‍ണ്ണമായും ഒതുക്കപ്പെട്ടുവെന്ന് മനസിലായി ഇപി ജയരാജന് പതിയെ തന്റെ വേണ്ടപ്പെട്ടയാളുകളെക്കൊണ്ട് ബിജെപി നേതാവ് ജാവേദ്കറെ കണ്ട കാര്യമെല്ലാം പതിയ പുറത്താക്കാന്‍ തുടങ്ങി. അതും ലോക്സഭാ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മധ്യത്തില്‍. ഇത് പിണറായിയെ അക്ഷരാര്‍ത്ഥത്തില്‍ പ്രതിരോധത്തിലാക്കി. തെരെഞ്ഞെടുപ്പിലെ വലിയ തോല്‍വിക്ക് ശേഷം എല്ലാ ജില്ലാക്കമ്മിറ്റികളും വലിയ വിമര്‍ശനമാണ് മുഖ്യമന്ത്രിക്കെതിരെ അഴിച്ചുവിട്ടത്. കെകെ ശൈലജയെ മുഖ്യമന്ത്രിയായി കാണാനാണ് കേരളം ആഗ്രഹിക്കുന്നതെന്നും അതുകൊണ്ടാണ് വടകരയില്‍ തോറ്റുപോയതെന്നും ഇതിനിടയില്‍ സംസ്ഥാന കമ്മിറ്റിയില്‍ പി ജയരാജന് പറയുകയുമുണ്ടായി. ഇതോടെയാണ് കണ്ണൂര്‍ ലോബി പിളര്‍ന്നുവെന്നും ഒരുവിഭാഗം പിണറായിക്കെതിരെ തിരിഞ്ഞുവെന്നുമുള്ള സൂചന ശക്തമായത്.
തനിക്കെതിരെ തിരിയുന്ന കണ്ണൂര്‍ലോബിയിലെ അവശേഷിക്കുന്നവരെ പൂര്‍ണ്ണമായും ഇല്ലാതാക്കാനാണ് പിണറായി വിജയന് ലക്ഷ്യമിടുന്നത്. ഇപിജയരാജന്, പി ജയരാജന് , കെകെ ശൈലജ എന്നിവരെ പാര്‍ട്ടിയുടെ പിന്നാമ്പുറത്തേക്ക് തട്ടാന്‍ പിണറായി തിരുമാനിച്ചുകഴിഞ്ഞു. കെകെ ശൈലജക്ക് അടുത്ത തവണ നിയസമസഭാ ടിക്കറ്റുപോലും ലഭിക്കില്ലന്നും പിണറായി ഉറപ്പാക്കിക്കഴിഞ്ഞു. ശൈലജയെ സഹായിക്കാന്‍ സാധ്യതയുള്ള തോമസ് ഐസക്, എ കെ ബാലന് എന്നിവരെയും പിണറായി മൂലക്കിരുത്തിക്കഴിഞ്ഞു. വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പില്‍ പിണറായിയോ പിണറായി നിര്‍ദേശിക്കുന്നയാളോ ആയിരിക്കും സിപിഎമ്മിന്റെ മുഖമായി കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ വരിക. ഇതോടെ കഴിഞ്ഞ അരനൂറ്റാണ്ടായി കേരളത്തിലെ സിപിഎമ്മില്‍ പ്രബല ശക്തിയായിരുന്ന കണ്ണൂര്‍ ലോബി അവസാനിക്കുകയാണ്