തിരുവനന്തപുരം: രണ്ടാം പിണറായി രണ്ടരവർഷം പൂർത്തിയാക്കുമ്പോൾ സംസ്ഥാനത്ത് മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകുമെന്ന് സൂചന. പുതിയ മന്ത്രിമാരെ ഉള്‍പെടുത്തുന്നതിനോടൊപ്പം നിലവിലെ മന്ത്രിമാരില്‍ ചിലരുടെ വകുപ്പുകളില്‍ മാറ്റം വരാനും സാധ്യതയുണ്ട്. കെ.ബി.ഗണേഷ് കു മാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകുമെന്നാണ് വിവരം.
നവംബറില്‍ രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റെടുത്തിട്ട് രണ്ടര വര്‍ഷം പൂര്‍ത്തിയാകും. ഇതനുസരിച്ച് ഘടകകക്ഷി വകുപ്പുകളില്‍ മന്ത്രിമാര്‍ക്ക് മാറ്റമുണ്ടാകുമെന്ന മുന്‍ധാരണ അനുസരിച്ചാണ് പുനഃസംഘടന നടത്താനൊരുങ്ങുന്നത്. അടുത്തയാഴ്ച ചേരുന്ന എല്‍ഡിഎഫിന്റെ യോഗത്തില്‍ ഇക്കാര്യത്തില്‍ ചര്‍ച്ച ഉണ്ടായേക്കും. ഇതനുസരിച്ച് മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും സ്ഥാനമൊഴിയും.
ഗതാഗതവകുപ്പ് വേണ്ട എന്ന് ഗണേഷ് നേരത്തേ അറിയിച്ചിരുന്നു. ഇതോടെ ഗണേഷിന് വനംവകുപ്പ് കൊടുത്ത് എ.കെ.ശശീന്ദ്രന് ഗതാഗതം കൊടുക്കുന്ന കാര്യം ഉള്‍പ്പെടെ പരിഗണനയില്‍ ഉണ്ടെന്നാണ് സൂചന.ഏക എംഎല്‍എ മാത്രമുള്ള എല്‍ജെഡിയും ഇടതുമുന്നണിയില്‍ മന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിക്കും. പാര്‍ട്ടി അധ്യക്ഷന്‍ എംവി ശ്രേയാംസ് കുമാര്‍ ഇടതുമുന്നണി യോഗത്തില്‍ എല്‍ജെഡിയുടെ മന്ത്രിസ്ഥാനത്തിനുള്ള അവകാശവാദം ഉന്നയിക്കും.
ഗണേഷിന് മന്ത്രിസ്ഥാനം കൊടുക്കുന്നതില്‍ സിപിഎമ്മില്‍ അഭിപ്രായഭിന്നതയുണ്ടെന്നാണ് വിവരം. സിപിഎം മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റത്തിന് സാധ്യതയുണ്ട്. ഷംസീര്‍ മന്ത്രിയാവുമെന്നും വീണാ ജോര്‍ജ്ജ് സ്പീക്കറാവുമെന്നും സൂചനയുണ്ട്.