ഒന്നാം തീയതിയിലെ ഡ്രൈഡേ മാറ്റുന്നതിന് വേണ്ടി ബാര്‍ ഉടമകള്‍ പിരിവ് തുടങ്ങിയ വിവരം ഇടുക്കിയിലെ ബാറുടമയുടെ ശബ്ദസന്ദേശത്തിലൂടെയാണ് പുറംലോകം അറിഞ്ഞത്. ശബ്ദസന്ദേശം തനിയെ പുറത്തായതല്ല, ബാറുടമകളിലാരോ മനപ്പൂര്‍വ്വം പുറത്താക്കിയതാണെന്ന് വ്യക്തമാകുന്നു. ഓരോ ബാറുടമയും രണ്ടര ലക്ഷം രൂപ വീതം നല്‍കണമെന്നാണ് ശബ്ദസന്ദേശത്തിലുള്ളത്. ഇത് ആര്‍ക്ക് കൊടുക്കേണ്ടതാണെന്ന് പറഞ്ഞിട്ടില്ലെങ്കിലും ഡ്രൈഡേ ഒഴിവാക്കാന്‍ പണം പിരിക്കുന്നത് ആര്‍ക്ക് നല്കാനാണെന്നറിയാന് പാഴൂര്‍ പടിപ്പുര വരെ പോകേണ്ടതില്ലല്ലോ.
ഏതാണ്ട് 650 -700 അംഗങ്ങള്‍ ബാറുടമാസംഘടനയിലുണ്ട്. അപ്പോള്‍ ഒരു ബാറുടമ 2.5 ലക്ഷം വച്ചു നല്കുകയാണെങ്കില് ഏതാണ്ട് 16-17 കോടി രൂപ പിരിഞ്ഞ് കിട്ടും. 25 കോടിയുടെ അഴിമതിയെന്ന് പ്രതിപക്ഷം ഇപ്പോഴെ ആരോപിച്ചുകഴിഞ്ഞു. ശബ്ദസന്ദേശം പുറത്തായപ്പോള്‍ ബില്‍ഡിംഗ് ഫണ്ടാണെന്ന് പറഞ്ഞു കൈകഴുകാനാണ് ബാറുടമകളുടെ സംഘടന ശ്രമിക്കുന്നത്. ഏതായാലും ഒരു കാര്യം ഉറപ്പായിക്കഴിഞ്ഞു. സര്‍ക്കാരിന്റെ പുതിയ മദ്യനയവുമായി ബന്ധപ്പെട്ട് വലിയ സാമ്പത്തിക ഇടപാടുകള്‍ക്കുളള വഴികള്‍ ഇതുമായി ബന്ധപ്പെട്ട പലര്‍ക്കും തുറന്ന് കിട്ടിയിട്ടുണ്ട്. ബാറുടമസംഘം ഇടുക്കി ജില്ലാ പ്രസിഡന്റിന്റെ ശബ്ദസന്ദേശം ഗ്രൂപ്പില്‍ നിന്നും പുറത്ത് പോയത് വെറുതയല്ല.
പണപ്പിരിവുമായി ബന്ധപ്പെട്ടും മറ്റു സംഘടനാ പ്രശ്നങ്ങള്‍ മൂലവും വലിയ തര്‍ക്കം ബാറുടമകള്‍ക്കിടയില്‍ നടക്കുന്നുണ്ട്. ഈ തര്‍ക്കത്തിന്റെ ഭാഗമായാണ് ശബ്ദസന്ദേശം പുറത്തായതെന്നാണ് കരുതുന്നത്. ഡ്രൈഡേ പിൻവലിക്കുന്നത് തന്നെ തീരുമാനിച്ചിരുന്നതാണെന്നും പിന്നീട് അതിനെക്കുറിച്ച് ഒരു വോയ്സ് ക്ളിപ്പ് പുറത്ത് വിടേണ്ട കാര്യമില്ലെന്നുമാണ് ബാറുടമകളുടെ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് പറയുന്നത്. ഗൂഡാലോചന നടന്നിരിക്കാം എന്ന് തന്നെയാണ് ബാര്‍ ഉടമകളുടെ സംഘം വിചാരിക്കുന്നത്. പുറത്ത് വന്ന ശബ്ദരേഖയുടെ ഉടമയായ അനുമോന് എന്ന ജയകൃഷ്ണനെ ബാറുടമകളുടെ സംഘടനയിൽ നിന്നും കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. അതിനു പിറകേയാണ് ശബ്ദരേഖ നാട്ടുകാര്‍ കേട്ടത്.
ശബ്ദരേഖയെക്കുറിച്ച് അന്വേഷണം വേണമെന്നാണ് എക്സൈസ് മന്ത്രി എംബി രാജേഷ് ഡിജിപിക്ക് അയച്ച പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍ക്കാരിന്റെ മദ്യനയം മുന്നില്‍ നിര്‍ത്തി പണപ്പിരിവ് നടക്കുന്നുണ്ടോ എന്ന അന്വേഷിക്കണമെന്നും പരാതിയിലുണ്ട്. പ്രതിപക്ഷം ഇത് വിവാദമാക്കിയാൽ സര്‍ക്കാര്‍ വെള്ളം കുടിക്കുമെന്നുറപ്പാണ്. ഒന്നാം തീയതിയിലെ ഡ്രൈഡേ ഒഴിവാക്കാന്‍ സര്‍ക്കാര്‍ നേരത്തെ തന്നെ തീരുമാനമെടുത്തതാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇത് പ്രഖ്യാപിക്കുമെന്നുറപ്പായിരുന്നു. എന്നാല്‍ ഇപ്പോഴിറങ്ങിയ ശബ്ദസന്ദേശം സർക്കാരിനെയും പ്രതിരോധത്തിലാക്കി.
ഈ വിഷയത്തില്‍ സിപിഐയുടെ ഇടുക്കി ജില്ലാ സെക്രട്ടറിയുടെ ഭാഗത്ത് നിന്നും അന്വേഷണാവശ്യം ഉയര്‍ന്നപ്പോള്‍ തന്നെ ഇടുക്കിയിലെയും സംസ്ഥാനത്തെയും പ്രമുഖ സിപിഎം നേതാക്കള്‍ക്ക് ഇതില്‍ പങ്കുണ്ടോ എന്ന സംശയം പ്രബലമായിട്ടുണ്ട്. ശബ്ദസന്ദേശം ബാറുടമകളുടെ ഗ്രൂപ്പിലിട്ട അനുമോന് സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുള്ള നേതാവാണ്. സിനിമ നിര്‍മ്മാതാവ് കൂടിയായ ഇയാള്‍ക്ക് സംസ്ഥാനത്ത ഒട്ടുമിക്ക പ്രമുഖ രാഷ്ട്രീയനേതാക്കളുമായും ചലച്ചിത്രതാരങ്ങളുമായും അടുത്ത ബന്ധമുണ്ട്.
ഈ ശബ്ദസന്ദേശം തങ്ങള്‍ക്ക് എതിരായി വരരുതെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. അതുകൊണ്ട് തന്നെയാണ് മന്ത്രി എംബി രാജേഷ് തിരക്കിട്ട് ഡിജിപിക്ക് പരാതി നല്കിയതും. പ്രതിപക്ഷം സിബിഐ അന്വേഷണം ആവശ്യപ്പെടാനുള്ള തയ്യാറെടുപ്പിലാണ്. ഇഡി അടക്കമുള്ള കേന്ദ്ര ഏജന്സികകളുടെ ഇടപെടലും ഉണ്ടാകാന്‍ സാധ്യതയുള്ളതായി സര്‍ക്കാര്‍ ഭയക്കുന്നു. ഇഡി വന്നാൽ അത് കൂനിന്‍മ്മേല്‍ കുരുവെന്നപോലെയാകും. മുഖ്യമന്ത്രിയുടെ മകള്‍ക്കും കിഫ്ബി വിഷയത്തില്‍ മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക്കിനും എതിരെ ഇപ്പോള്‍ തന്നെ ഇഡി അന്വേഷണം നടക്കുന്നുണ്ട്.
മദ്യം എല്ലാ സര്‍ക്കാരുകള്‍ക്കും തലവേദനയാണ്. സൂക്ഷിച്ച് ഇടപെട്ടില്ലെങ്കിൽ കൈപൊള്ളുന്ന വിഷയമാണ് അബ്കാരി നയം. ഐടി പാര്‍ക്കുകളില്‍ ബാറുകള്‍ അനുവദിച്ചു കഴിഞ്ഞു. ടൂറിസം വികസനത്തിന് ഡ്രൈഡേ ഒഴിവാക്കേണ്ടത് അനിവാര്യമാണെന്നാണ് സര്‍ക്കാരിന്റെ പക്ഷം. ഇതേക്കുറിച്ച് പഠിച്ച ഉദ്യോഗസ്ഥതല സമിതി ഡ്രൈഡേ പിന്‍വലിക്കുന്നതാണ് നല്ലതെന്ന നിര്‍ദേശം സര്‍ക്കാരിന് മുമ്പില്‍ സമർപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇതുമായി ബന്ധപ്പെട്ട നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങവേയാണ് പിരിവ് വിവാദം പൊട്ടിത്തെറിച്ചത്. ബാറുടമയുടെ ശബ്ദസന്ദേശം പുറത്തായതില്‍ സംഘടനാ നേതൃത്വത്തോട് സര്‍ക്കാരിന് കടുത്ത അസംതൃപ്തിയുമുണ്ടെന്നാണ് വിവരം.