പിസി ജോര്‍ജ്ജിനെ ജയിലിലാക്കാന്‍ ശ്രമിച്ചപ്പോള്‍ തന്നെ ചില കേരളാ കോണ്‍ഗ്രസ് – കോണ്‍ഗ്രസ് നേതാക്കള്‍ ഇനി പിണറായിക്ക് പഴയ പോലെ ഉറങ്ങാന്‍ കഴിയില്ലെന്ന് പറഞ്ഞിരുന്നു. ഈ സംഭവത്തോടെയാണ് പിണറായി വിജയനെ പൂട്ടണമെന്ന വാശിയോടെ പിസി ജോര്‍ജ്ജ് ഇറങ്ങിയത്. മതവിദ്വേഷം ജനിപ്പിക്കുന്ന പ്രസ്താവന നടത്തിയെന്ന കേസിലാണ് ആദ്യം പിസി ജോര്‍ജ്ജിനെ അറസ്റ്റു ചെയ്തത്. പിന്നീട് സോളാര്‍ കേസിലെ അതിജീവിതയുടെ പരാതിയില്‍ ലൈംഗികാതിക്രമം എന്ന വകുപ്പ് ചേര്‍ത്ത് വീണ്ടും അറസ്റ്റു ചെയ്തു. രണ്ടു കേസിലും ജാമ്യം ലഭിച്ചത് കൊണ്ട് ജയിലിലായില്ല. തന്റെ കടുത്ത വിമര്‍ശകനായ പിസി ജോര്‍ജ്ജിനെ ജയിലില്‍ എത്തിക്കണമെന്ന പിണറായിയുടെ വാശി അദ്ദേഹത്തിന് തന്നെ തിരിച്ചടിയാകുമെന്ന ആശങ്കകള്‍ ചില സിപിഎം നേതാക്കള്‍ പോലും അന്ന് പങ്കുവച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഭരിക്കുന്ന സിപിഎം നേതാവാകട്ടെ ജോര്‍ജ്ജിനെ ജയിലിലാക്കിയേ അടങ്ങുവെന്ന് ശപഥവും ചെയ്തു.
പിസി യുടെ മകനായ അഡ്വ. ഷോണ്‍ജോര്‍ജ്ജിന്റെ ഇന്നലത്തെ വാർത്താസമ്മേളനം കണ്ടവര്‍ക്കൊക്കെ അന്നത്തെ ആശങ്കകള്‍ ശരിയാണെന്ന് ബോധ്യമായിട്ടുണ്ടാകും. അന്നുമുതല്‍ പിണറായിക്കുടുംബത്തിന്റെ പിറകേ കൂടിയതാണ് പിസി ജോര്‍ജ്ജ്. എന്‍ഫോഴസ്മെന്റ് ഡയറക്ടേറ്റ് മാസപ്പടിക്കേസില്‍ അന്വേഷണം ആരംഭിച്ചപ്പോള്‍ തന്നെ തങ്ങളുടെ കളം തെളിഞ്ഞതായി പിസി ജോര്‍ജ്ജും മകന് ഷോണ്‍ ജോര്‍ജ്ജും മനസിലാക്കി. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ അന്വേഷണം പിണറായിയുടെ മകള്‍ വീണയിലേക്ക് നീണ്ടപ്പോള്‍ വീണയുടെ കമ്പനിയായ എക്സാലോജിക്കും കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലും തമ്മിലുളള സാമ്പത്തിക ബന്ധങ്ങളുടെ നിരവധി തെളിവുകള്‍ പിസി ജോര്‍ജ്ജും മകനും ശേഖരിച്ചിരുന്നു. അത് ഇഡിക്കും സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷന്‍ ടീമിനും നല്‍കുകയും ചെയ്തു.
എക്സാലോജിക്കിന് യുഎഇയിലുള്ള ബാങ്ക് അക്കൗണ്ടിലൂടെയാണ് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പർ, ലാവ്ലിന് തുടങ്ങിയ കമ്പനികൾ കോടിക്കണക്കിന് രൂപാ നല്‍കിയതെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റിന്റെ ഗുരുതരമായ കുറ്റങ്ങള്‍ അന്വേഷിക്കുന്ന വിഭാഗം കണ്ടെത്തിയതായി പിസി ജോര്‍ജ്ജിന്റെ മകന് ഷോണ്‍ ജോര്‍ജ്ജ് വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
രാജ്യാന്തര കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പര്‍, എസ്എന്‍സി ലാവ്ലിന് കമ്പനികളില്‍നിന്ന് അബുദാബിയിലെ ബാങ്ക് അക്കൗണ്ടിലേക്ക് 3 കോടിയിലേറെ രൂപ വീതം വന്നു എന്നാണ് എസ്എഫ്ഐഒ വൃത്തങ്ങള്‍ പറയുന്നത്. ഇതിനു പുറമെയാണ് അധികം കേട്ടിട്ടില്ലാത്ത മറ്റു കമ്പനികളില്‍ നിന്ന് ഈ അക്കൗണ്ടിലേക്കു പണമെത്തിയതും അതു മറ്റു വിദേശ അക്കൗണ്ടുകളിലേക്കു പോയെന്നും സീ രിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ടു നിലവില്‍ ഹൈക്കോടതിയിലുള്ള കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിലപാട് കര്‍ക്കശമാക്കുന്നതിനു പിന്നിലും ഈ അക്കൗണ്ടിനു പങ്കുണ്ടെന്നും സൂചനകളുണ്ട്.
വീണയുടെ എക്സാലോജിക്ക് കമ്പനിയെക്കുറിച്ച് വളരെ അധികം സംശയങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റിനുണ്ട്. ഈ കമ്പനിയുടെ വിദേശഅക്കൗണ്ടുകളിലൂടെ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം ഒഴുകിപ്പോയിട്ടുണ്ടാകുമെന്നാണ് എന്‍ഫോഴ്സ്മെന്റ് കരുതുന്നത്. പ്രൈസ് വാട്ടര്കൂപ്പര്ഹൗസിന്റെയും, കൊച്ചിയിലെ സിഎംആര്‍എല്‍ കമ്പനിയുടെയും കേരളത്തിലേക്ക് വന്ന നിരവധി വിദേശ ഏജന്‍സികളുടെയും പണം എക്സോലോജിക്കിന്റെ ദുബായ് അക്കൗണ്ടുകളിലൂടെ മറ്റ് ചില അക്കൗണ്ടുകളിലേക്ക് പോയെന്നും എസ്എഫ്ഐഒ കണ്ടെത്തിയിട്ടുണ്ട്. ഏതൊക്കെ വിദേശരാജ്യങ്ങളിലെ അക്കൗണ്ടുകളിലേക്കാണ് ഈ പണം പോയിട്ടുള്ളതെന്ന സൂചനയും ഇഡിക്കും എസ്എഫ്ഐഒക്കും ലഭിച്ചിട്ടുണ്ട്. സിഎംആര്‍എല്‍ എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണു സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസിന് (എസ്എഫ്ഐഒ) യുഎഇയിലെ വീണയുടെ കമ്പനിയുടെ ബാങ്ക് അക്കൗണ്ടിനെ കുറിച്ചു വിവരം ലഭിക്കുന്നത്. ഇതോടെ നിര്‍ണ്ണായക വിവരങ്ങള്‍ കേന്ദ്ര ഏജന്‍സികളുടെ കയ്യിലെത്തി.
രണ്ട് വിദേശ കമ്പനികളില്‍നിന്ന് യുഎഇയിലെ എക്സാലോജിക്ക് അക്കൗണ്ടിലേക്ക് എത്തിയത് 3 കോടി രൂപ വീതമെന്നാണ് റിപ്പോര്‍ട്ട്. മറ്റു കമ്പനികളില്‍ നിന്നയച്ചത് വച്ചു നോക്കുമ്പോള്‍ ഇതിന്റെ ഇരട്ടിയിലികം ഉണ്ടാകുമെന്നാണ് കേന്ദ്ര ഏജന്‍സികളുടെ കണക്കൂകൂട്ടല്‍. ഇതെല്ലാം അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ വിവിധ അക്കൗണ്ടുകളിലേക്കു മാറ്റിയെന്നാണ് സൂചന. ഈ ബാങ്ക് ഇടപാടുകള്‍ സംബന്ധിച്ചു കൂടുതല്‍ രേഖകള്‍ കേസിലെ പ്രധാന പരാതിക്കാരനായ ഷോണ്‍ ജോര്‍ജ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ഷോണ്‍ ജോര്‍ജ്ജ് ഹൈക്കോടതിയില്‍ വീണക്കെതിരെ സമര്‍പ്പിച്ചിരിക്കുന്ന രേഖകളില്‍ എക്സാലോജിക്കിന്റെ വിദേശഅക്കൗണ്ടുകളെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ഉണ്ടെന്നാണ് വ്യക്തമായിട്ടുണ്ട്. ഈയിടെ അന്തരിച്ച കണ്ണൂരിൽ നിന്നുള്ള ഒരു പ്രമുഖ സിപിഎം നേതാവിന്റെ മകനും ഷോണ്‍ ജോര്‍ജ്ജും തമ്മില്‍ കൂട്ടുചേര്‍ന്ന് അടുത്തകാലത്ത് ഒരു നിയമസ്ഥാപനം കൊച്ചിയില്‍ ആരംഭിച്ചിരുന്നു. ഈ സ്ഥാപനമാണ് പിണറായിക്കും മകള്‍ക്കുമെതിരായ നിയമപോരാട്ടം മുന്നോട്ടു കൊണ്ടുപോകുന്നതെന്നതും വരികള്‍ക്കിടയിലൂടെ വായിച്ചെടുക്കേണ്ടതാണ്.