തിരുവനന്തപുരം : നിയമസഭയില്‍ പ്രസംഗത്തിനിടെ രമേശ് ചെന്നിത്തല ‘മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍’ എന്ന് ആവര്‍ത്തിച്ചതില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്തെ അതിക്രമങ്ങളെക്കുറിച്ചും ലഹരിവ്യാപനത്തെക്കുറിച്ചുമുള്ള ചര്‍ച്ചയ്ക്കിടെ പലവട്ടം മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്നു പറഞ്ഞതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ഓരോ തവണയും മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ മറുപടി പറയണമെന്ന് പറയുന്നത് ശരിയായ രീതിയാണോയെന്ന് മുഖ്യമന്ത്രി എഴുന്നേറ്റു ചോദിച്ചു. എന്തു സന്ദേശമാണ് ചെന്നിത്തല സമൂഹത്തിനു നല്‍കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.
‘ഇടയ്ക്കിടെ മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്നു പറഞ്ഞ് ഓരോ ചോദ്യം ചോദിച്ചാല്‍ പോരാ, നാട് നേരിടുന്ന പ്രശ്നമെന്താണെന്ന് മനസിലാക്കണം’ മുഖ്യമന്ത്രി ക്ഷുഭിതനായി പറഞ്ഞു. ‘യൂത്തിന് ചെന്നിത്തല പറയുന്നതാണോ സന്ദേശമായി നല്‍കേണ്ടത്. സമൂഹം ഒന്നായി നേരിടേണ്ട ഒരുവിഷയത്തെക്കുറിച്ച് ഇങ്ങനെയാണോ സംസാരിക്കേണ്ടത്. യാഥാര്‍ഥ്യം മനസിലാക്കാന്‍ കഴിയണം. ഇന്ന് നാട് നേരിടുന്ന പ്രശ്നം എന്തെന്ന് മനസിലാക്കണം. ഇടയ്ക്ക് ഇടയ്ക്ക് മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്നു സംസാരിച്ചാല്‍ പോരാ. യാഥാര്‍ഥ്യം മനസിലാക്കണം’- പിണറായി പറഞ്ഞു. വിഷയത്തെക്കുറിച്ചാണ് സംസാരിക്കേണ്ടതെന്നും അതിനുള്ള അവസരം ഉപയോഗിച്ച് അനാവശ്യമായ കാര്യങ്ങള്‍ അല്ല പറയേണ്ടതെന്നും മുഖ്യമന്ത്രി മറുപടി നല്കി.
താന്‍ എന്തു പ്രസംഗിക്കണമെന്ന് മുഖ്യമന്ത്രി തീരുമാനിക്കേണ്ടെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ മറുപടി. നാട്ടില്‍ വര്‍ധിച്ചുവരുന്ന അതിക്രമങ്ങളെക്കുറിച്ച് പറയാന്‍ മുഖ്യമന്ത്രിയുടെ ചീട്ട് ആവശ്യമില്ല. അതു പറയും. മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്നു വിളിക്കുന്നത് അണ്‍പാര്‍ലമെന്ററി അല്ലെന്നും തനിക്ക് അതുപറയാന്‍ അവകാശമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്ത് അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിനെക്കുറിച്ചും ലഹരിവ്യാപനം രൂക്ഷമാകുന്നതിനെക്കുറിച്ചും നിയമസഭയില്‍ രമേശ് ചെന്നിത്തലയാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. ഒന്‍പതു വര്‍ഷം ഭരിച്ചിട്ടും ഒരുതരത്തിലുള്ള ലഹരിവിരുദ്ധ പ്രവര്‍ത്തനവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. സംസ്ഥാനത്ത് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെട്ടുവെന്നും സര്‍ക്കാരാണ് ഉത്തരവാദിയെന്നും ചെന്നിത്തല പറഞ്ഞു. കുട്ടികള്‍ ലഹരിക്ക് അടിമകളാകുകയാണ്. വെഞ്ഞാറമ്മൂട് കൂട്ടക്കൊലയും കോഴിക്കോട്ടെ ഷഹബാസിന്റെ കൊലപാതകവും ഞെട്ടിപ്പിക്കുന്നതാണ്. കേരളം ഒരു കൊളംബിയ ആയി മാറുകയാണോ?. പണ്ട് പഞ്ചാബിനെക്കുറിച്ചാണ് ലഹരിയുടെ കേന്ദ്രമായി പറഞ്ഞിരുന്നത്. ഇപ്പോള്‍ കേരളത്തില്‍ യുവാക്കളുടെ ജീവിതത്തെ രാസലഹരി നശിപ്പിക്കുകയാണ്. യുവത്വം പുകഞ്ഞ് ഇല്ലാതാകുകയാണ്. സംസ്ഥാനത്ത് മദ്യമൊഴുക്കുന്ന പുതിയ എക്സൈസ് നയം പുതുതലമുറയോടുള്ള ചതിയാണ്. മദ്യത്തിന്റെ ലഭ്യത വര്‍ധിപ്പിക്കാനാണ് പുതിയ ബ്രൂവറി അനുവദിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
കലാലയങ്ങളില്‍ എസ്എഫ്ഐയാണ് റാഗിങ്ങിനു നേതൃത്വം നല്‍കുന്നത്. എന്നാല്‍ അവരെ തിരുത്താന്‍ മുഖ്യമന്ത്രി തയാറാകുന്നില്ല. ഇതുപോലെ തന്നെ തുടര്‍ന്നാല്‍ മതിയെന്നാണ് അവരുടെ യോഗത്തില്‍ പോയി മുഖ്യമന്ത്രി പറഞ്ഞത്. അതു ശരിയായ നിലപാട് അല്ലെന്നും ചെന്നിത്തല പറഞ്ഞു. ടിപി ചന്ദ്രശേഖരനെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതികള്‍ക്ക് മൂന്നു വര്‍ഷത്തോളം പരോള്‍ നല്കിയ സര്‍ക്കാര്‍ എന്തു സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്ന് ചെന്നിത്തല ചോദിച്ചു.
മുഖ്യമന്ത്രി ക്ഷുഭിതനായതിന് പിന്നാലെ ചെന്നിത്തലയ്ക്കു പിന്തുണയുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തി. ‘നിങ്ങളാണ് കേരളത്തിന്റെ മുഖ്യമന്ത്രി, നിങ്ങളാണ് ആഭ്യന്തരമന്ത്രി. നിങ്ങളെ കുറ്റപ്പെടുത്തും. അതിനെന്തിനാണ് അങ്ങിത്ര അസഹിഷ്ണുത കാണിക്കുന്നത്. സര്‍ക്കാരും മുഖ്യമന്ത്രിയും എഴുതിത്തരുന്നതു പോലെ പ്രസംഗിക്കാനല്ല ഞങ്ങള്‍ ഇവിടെ ഇരിക്കുന്നത്. മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്നാണു വിളിച്ചത്. അല്ലാതെ മോശം പേരൊന്നും അല്ല വിളിച്ചത്.’ – സതീശന് പറഞ്ഞു.