കോഴിക്കോട് : നവകേരള സദസ് കാണാന്‍ കുട്ടികള്‍ എത്തിയത് ഏതിര്‍ക്കപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇളം മനസ്സില്‍ കള്ളമില്ല, ക്ലാസില്‍ ഇരിക്കണമെന്ന് പറഞ്ഞാലും കുട്ടികല് വരും മന്ത്രിസഭയെ കാണാനുള്ള അസുലഭ അവസരം കിട്ടുമ്പോള്‍ അവര്‍ വരും അതിനെ പ്രതിപക്ഷം വിമര്‍ശിച്ചിട്ടും കാര്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പേരാമ്പ്രയിലെ നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ മന്ത്രിസഭയെ ഒന്നിച്ചു കാണാനുള്ള അവസരം അവര്‍ക്ക് കിട്ടുകയാണ്, ആ സന്തോഷം അവര്‍ പങ്കിടുകയാണ്. അത് അവരുടെ ജീവിത്തില്‍ എല്ലാ ഘട്ടത്തിലും ഓര്‍ക്കാന്‍ പറ്റുന്ന കാര്യമായിരിക്കില്ലേ?, അതിനെ ഏതെങ്കിലും ഒരു കക്ഷി രാഷ്ട്രീയത്തിന്റെ ഭാഗമായി കാണേണ്ടതില്ല. പേരാമ്പ്രയിലേക്ക് വരുമ്പോഴും വഴിയില്‍ കുട്ടികളെ കണ്ടു. പ്രായമായവരും കുട്ടികളും കാണാന്‍ വരുന്നു. അവരുടെ ജീവിതത്തിലെ പ്രധാന അനുഭവമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങള്‍ ഒന്നിച്ച് സര്‍ക്കാരിന് പിന്തുണ നല്കുന്നു.എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ വേണ്ട രീതിയില്‍ സഹകരിക്കുന്നില്ല. സംസ്ഥാനത്ത് പ്രശ്നങ്ങള്‍ ഉണ്ടാക്കാനാണ് കേന്ദ്രത്തിന് താത്പര്യം. അതിനുകാരണം ഒന്ന് ആശയപരമായ വ്യത്യാസമാണ്. കേന്ദ്രത്തിന്റെ ആര്‍എസ്എസ് നിലപാടിനെ ഇടതുപക്ഷം ശക്തമായി എതിര്‍ക്കുന്നു. ഇന്ത്യാ രാജ്യത്തെ ഒരു തുരുത്താണ് കേരളം. ബി.ജെപിക്ക് ഒപ്പമെങ്കില്‍ ഇഷ്ടക്കാര്‍, അല്ലെങ്കില്‍ അനിഷ്ടം. ഇടതുപക്ഷം ആണെങ്കില്‍ പകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.