തിരുവനന്തപുരം : ശബരിമലയില്‍ തീര്‍ഥാടനത്തിന് എത്തുന്ന ഭക്തര്‍ക്കു യാതൊരുവിധ സൗകര്യവും ഒരുക്കിയിട്ടില്ലെന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഗൗരവപൂര്‍വമായ സമീപനമുണ്ടാകണമെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മലകയറുന്ന അയ്യപ്പന്മാര്ക്ക് സര്‍ക്കാര്‍ സൗകര്യം ഒരുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയില്‍ അയ്യപ്പഭക്തന്മാര്ക്ക് ഒരു നിവര്‍ത്തിയുമില്ലാത്ത അവസ്ഥയാണ്, ധാരാളം ആളുകള്‍ ഞങ്ങളെ ഫോണ്‍ ചെയ്ത് വിവരം അറിയിക്കുന്നുണ്ട്. 20 മണിക്കൂര്‍ വരെ ഇരുമുടിക്കെട്ടുമായി വരിനില്‍ക്കേണ്ട അവസ്ഥയാണ്. വെള്ളം
പോലും കിട്ടുന്നില്ല. യാതൊരു സൗകര്യവുമില്ല. നാഥനും നമ്പിയുമില്ലാത്ത അവസ്ഥയാണ്. അന്യസംസ്ഥാനത്തുനിന്ന് വരുന്ന അയ്യപ്പഭക്തന്മാര് വലിയ പ്രതിസന്ധി നേരിടുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ഈ നിലയിലാണോ ശബരിമല തീര്‍ഥാടനം സര്‍ക്കാര്‍ ഒരുക്കേണ്ടത്, അയ്യപ്പഭക്തന്മാര്‍ക്കു സര്‍ക്കാര്‍ സൗകര്യം ഒരുക്കണം. ഇടത്താവളങ്ങളില്‍ ഒരു സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടില്ല. പമ്പയിലും നിലയ്ക്കലും ഇടത്താവളങ്ങളിലും ആവശ്യമായ സൗകര്യം ഒരുക്കികൊടുക്കുകയും തിരക്കു ക്രമീകരിക്കുകയും ചെയ്താല്‍ ബുദ്ധിമുട്ട് ഒഴിവാകും. യാതൊരുവിധ ക്രമീകരണവും സര്‍ക്കാര്‍ ചെയ്യുന്നില്ലെന്ന പരാതികള്‍ ഉയര്‍ന്നുവരികയാണെന്നും വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.