സന്നിധാനം : ശബരിമല തീര്‍ഥാടനത്തിനെത്തുന്ന അയ്യപ്പന്മാരുടെ തിരക്ക് നിയന്ത്രിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയതായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്. എരുമേലി, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ നിലവിലുള്ള ക്രമീകരണങ്ങള്‍ വിലയിരുത്തി നിലയ്ക്കലിലും പമ്പയിലും ചേര്‍ന്ന അവലോകന യോഗത്തിനു ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. തീര്‍ഥാടകരുടെ തിരക്ക് വര്‍ധിക്കുന്നതുസരിച്ച് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ശ്രദ്ധിക്കുന്നുണ്ട്. ജനപ്രതിനിധികള്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, ഉന്നത പോലീസ് ഉദ്യേഗസ്ഥര്‍ അടക്കം എല്ലാവരും ശബരിമലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.
നിലയ്ക്കലില്‍ നിന്നും കെഎസ്ആര്‍ടിസി ബസില്‍ അയ്യപ്പന്മാര്‍ക്കൊപ്പമാണ് മന്ത്രി പമ്പയില്‍ എത്തിയത്. തുടര്‍ന്ന് പമ്പ നടപ്പന്തല്‍ ചുറ്റും നടന്ന് ക്രമീകരണങ്ങള്‍ വിലയിരുത്തി. അതിനു ശേഷം പമ്പ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. യോഗത്തിന് ശേഷം മന്ത്രി സന്നിധാനത്തേക്ക് യാത്ര തിരിച്ചു. സൗകര്യങ്ങള്‍ വിലയിരുത്താന്‍ മന്ത്രി ഇന്ന് എരുമേലി,നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. നവകേരള സദസ്സിന്റെ ഭാഗമായ കോട്ടയത്തെ പ്രഭാത യോഗത്തില്‍ പങ്കെടുത്ത ശേഷമാണ് മന്ത്രി പമ്പയ്ക്ക് തിരിച്ചത്. എരുമേലിയിലും നിലയ്ക്കലും വിവിധ വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ച് മന്ത്രി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.
തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസില്‍ നിലയ്ക്കലില്‍ നിന്ന് പമ്പയിലെത്തി. യാത്രയ്ക്കിടെ നിരവധി സ്വാമിമാരുമായി സംസാരിച്ചു. ഒരു മാളികപ്പുറത്തിന് ഇരുമുടിക്കെട്ട് തലയില്‍ വെച്ചു നല്കി. എംഎല്‍എമാരായ പ്രമോദ് നാരായണന്, കെ യു ജെനീഷ് കുമാര്‍, ദേവസ്വം സെക്രട്ടറി എം ജി രാജമാണിക്യം എന്നിവരും ഒപ്പമുണ്ടായിരുന്നു. തുടര്‍ന്ന് പമ്പയില്‍ ഉദ്യോഗസ്ഥരുടെ വിപുലമായ യോഗം വിളിച്ച് സംസാരിച്ചു. കൂടുതല്‍ ഏകോപനത്തിന് മുതിര്‍ന്ന ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയും ചെയ്തു.
തിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ ദര്‍ശനസമയം വര്‍ധിപ്പിക്കണമെന്ന ആവശ്യം പരിഗണിച്ച് ഒരു മണിക്കൂര്‍ കൂടി കൂട്ടി. തിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ വെര്‍ച്വല്‍ ക്യൂവിലും സ്പോട്ട് രജിസ്ട്രേഷനിലും അനുവദിക്കുന്ന തീര്‍ഥാടകരുടെ എണ്ണം കുറച്ചു. ഡിസംബര്‍ ആറ്, ഏഴ് തീയതികളിലാണ് തീര്‍ഥാടകര്‍ ക്രമാതീതമായി വര്‍ദ്ധിച്ചത്. ഇത്തവണ സ്ത്രീകളുടെയും കുട്ടികളുടെയും പ്രായമായവരുടെയും എണ്ണം 30 ശതമാനം വര്‍ധിച്ചു. ഇത് പതിനെട്ടാംപടി കയറുന്നതില്‍ താമസം ഉണ്ടാക്കി.
ശബരിമല തീര്‍ഥാടനം ഏറ്റവും ഭംഗിയായി നടത്തേണ്ട ഉത്തരവാദിത്തം എല്ലാവര്ക്കും ഉണ്ട്. കുറവുകള്‍ ഉണ്ടെങ്കില്‍ പരിശോധിച്ച് പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.