തിരുവനന്തപുരം : സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ട് പ്രതിഷേധിക്കുന്നു. ഇന്ന് രാവിലെ ആറ് മണി മുതല്‍ 12 മണി വരെയാണ് പമ്പുകള്‍ അടച്ചിടുന്നത്. എലത്തൂര്‍ എച്ച് പി സി എല്‍ ഡിപ്പോയില്‍ ചര്‍ച്ചയ്ക്ക് എത്തിയ പെട്രോളിയം ഡീലേഴ്സ് ഭാരവാഹികളെ ടാങ്കര്‍ ഡ്രൈവര്‍മാര്‍ കൈയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ഡീലേഴ്സിന്റെ നേതൃത്വത്തില്‍ സമരം.
സമരത്തില്‍ നിന്നും ആറ് താലൂക്കുകളെ ഒഴിവാക്കിയിട്ടുണ്ട്. റാന്നി, കോന്നി, കോഴഞ്ചേരി, അടൂര്‍, ചെങ്ങന്നൂര്‍, എരുമേലി, താലൂക്കുകളെയാണ് ഒഴിവാക്കിയത്. ശബരിമല തീര്‍ത്ഥാടനം പരിഗണിച്ചാണ് ഈ താലൂക്കുകളെ സമരത്തില്‍ നിന്നും ഒഴിവാക്കിയത്. സമരത്തില്‍ നിന്നും പത്തനംതിട്ട ജില്ലയെ ഒഴിവാക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച ഇരുമ്പനം എച്ച് പി സി എല്‍ ടെര്‍മിനല്‍ ഉപരോധിക്കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്.
പെട്രോളിയം ഡീലര്‍മാരും ടാങ്കര്‍ ഡ്രൈവര്‍മാരും തമ്മില്‍ കുറച്ചുദിവസമായി തര്‍ക്കം നിലനിന്നിരുന്നു. ഇന്ധനവുമായി പമ്പുകളിലെത്തുന്ന ടാങ്കര്‍ ഡ്രൈവര്‍മാര്‍ക്ക് ‘ചായക്കാശ്’ എന്ന് വിളിക്കുന്ന ഒരു തുക നല്കുന്ന പതിവുണ്ട്. 300 രൂപയാണ് ഡീലര്‍മാര്‍ നല്‍കിയിരുന്നത്. ഈ തുക വര്‍ധിപ്പിക്കണമെന്നാണ് ഡ്രൈവര്‍മാരുടെ ആവശ്യം. ഡീലര്‍മാര്‍ ഇക്കാര്യം നിഷേധിച്ചതോടെയാണ് തര്‍ക്കം രൂക്ഷമായത്.