ന്യൂഡൽഹി: ഹിൻഡൻബർഗ് റിസർച്ചിന്റെ പുതിയ റിപ്പോർട്ടിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. സെബി ചെയർപേഴ്സൺ മാധബി ബുച്ചിനെതിരായ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു. അഭിഭാഷകനായ വിശാൽ തിവാരിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
മാധബി ബുച്ചിന് അദാനിയുടെ വിദേശത്തെ രഹസ്യ കമ്പനികളിൽ നിക്ഷേപമുണ്ടെന്നാണ് പുതിയ റിപ്പോർട്ട്. അദാനി ഗ്രൂപ്പിന്റെ ഓഹരി തട്ടിപ്പിൽ അന്വേഷണം പുരോഗമിക്കുമ്പോഴാണ് ഷെൽ കമ്പനികളിൽ മാധവിക്കും ഭർത്താവ് ധവാൽ ബുച്ചിനും ഉൾപ്പെടെ നിക്ഷേപമുള്ളതായി വെളിപ്പെടുത്തൽ. 2015നാണു വിദേശ ഷെൽ കമ്പനികളിൽ മാധബിയും ഭർത്താവ് ധവാലുംം നിക്ഷേപം തുടങ്ങിയത്. മാധവി സെബിയിൽ ചേർന്ന 2017ൽ ദമ്പതിമാരുടെ സംയുക്ത അക്കൗണ്ട് ധവാലിന്റെ പേരിലേക്ക് മാറ്റാൻ മാധബി കമ്പനിക്ക് ഇ-മെയിൽ അയച്ചിരുന്നതായും റിപ്പോർട്ടിലുണ്ടായിരുന്നു.
അതിനിടെ, സെബി ചെയർപേഴ്സനെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിനെ രാഷ്ട്രീയമായി നേരിടാനാണ് ബി.ജെ.പി തീരുമാനം. എന്നാൽ, സംയുക്ത പാർലമെൻററി സമിതി അന്വേഷണം എന്ന ആവശ്യത്തിൽനിന്നു പ്രതിപക്ഷവും പിന്നോട്ടില്ല. ഈ ആവശ്യം അംഗീകരിക്കില്ലെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ. ഹിൻഡൻബർഗ് റിപ്പോർട്ട് രാജ്യത്തിനെതിരെ നടത്തുന്ന ഗൂഢാലോചനയാണെന്ന രീതിയിലാണ് ബി.ജെ.പി പ്രചാരണം. ബി.ജെ.പി എം.പിയും മുൻ മന്ത്രിയുമായ രവിശങ്കർ പ്രസാദ് തുടങ്ങിവച്ച ഈ ആഖ്യാനം മറ്റു നേതാക്കളും ഏറ്റുപിടിച്ചിരിക്കുകയാണ്.
എന്നാൽ, അദാനിയുടെ ഓഹരി തട്ടിപ്പ് അന്വേഷിക്കേണ്ട സെബി ചെയർപേഴ്സന്, മൗറീഷ്യസിലും ബെർമുഡയിലും അദാനിയുടെ നിഴൽകമ്പനികളിൽ നിക്ഷേപമുണ്ടായതിനെ വിടാതെ വിമർശിക്കുകയാണ് കോൺഗ്രസ്. നിക്ഷേപം, ക്ലയിൻറുകൾ എന്നിവയെക്കുറിച്ച് പൂർണവിവരം പുറത്തുവിടാൻ മാധബി ബുച്ച് തയാറാകണമെന്നാണ് ഹിൻഡൻബർഗ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇതേകാര്യം തന്നെയാണ് കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷവും ഉയർത്തുന്നത്.